കീമോതെറപ്പി കഴിഞ്ഞ് രോഗത്തിൽ നിന്നു മുക്തി നേടിയാൽ മുടി പഴയപോലെ കിളിർത്തുവരും. 

കീമോതെറാപ്പി; ശ്രദ്ധിക്കേണ്ട കാര്യങ്ങളും തെറ്റിദ്ധാരണയും

ഔഷധങ്ങൾ നേരിട്ടു രക്തത്തിലേക്കു നൽകുന്ന ചികിത്സാ രീതിയാണു കീമോതെറപ്പി. ഏറ്റവും ഫലം നൽകുന്ന കീമോ തെറപ്പിയിൽ മരുന്നു കയ്യിലെ ഞരമ്പുകളിലേക്കു കുത്തിവയ്ക്കുന്ന രീതിയാണു പൊതുവായി സ്വീകരിക്കാറുള്ളത്. ഗ്ലൂക്കോസ് ശരീരത്തിലെത്തിക്കുന്നതു പോലെ ഡ്രിപ്പ് ഇട്ടും, ഗുളിക നൽകിയും കീമോതെറപ്പി ചെയ്യാറുണ്ട്.  ഒരു മരുന്നു മാത്രം ഉപയോഗിക്കുന്ന രീതിയിൽ നിന്നു മാറി കൂടുതൽ ഫലപ്രദമായി മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചുള്ള കീമോതെറപ്പി ഇപ്പോൾ ചെയ്തുവരുന്നുണ്ട്. പടരുന്ന കാൻസറിനെ തടയാനാണു കീമോതെറപ്പി  ഫലപ്രദം. കാൻസർ കോശങ്ങളുടെ അമിത വളർച്ചയും പടർച്ചയും തടയുകയാണു കീമോതെറപ്പിയുടെ ലക്ഷ്യം. രോഗാവസ്ഥ കണക്കിലെടുത്ത് വിദഗ്ധസംഘം നിർണയിക്കുന്ന വ്യത്യസ്ത കോഴ്സുകളായിട്ടാണ് കീമോ ചികിത്സയെടുക്കുക. കൃത്യമായ ഇടവേളകളിലാണു കീമോ ചെയ്യുക. ഇതിനിടയിൽ ആശുപത്രിയിൽ കഴിയണമെന്നില്ല. ഓരോ കോഴ്സിനു ശേഷവും ഡോക്ടർ അനുവദിക്കുകയാണെങ്കിൽ വീട്ടിൽ പോവാം.

പാർശ്വഫലങ്ങള്‍

കീമോതെറപ്പിയിൽ ശക്തിയേറിയ മരുന്നുകൾ ശരീരത്തിന്റെ എല്ലാ ഭാഗത്തു കൂടിയും കടന്നുപോകുന്നതിനാൽ അതിന്റേതായ പാർശ്വഫലങ്ങളുണ്ടാവാം. കീമോതെറപ്പിയിൽ രണ്ടുതരത്തിലുള്ള പാർശ്വഫലങ്ങള്‍ ഉണ്ടാവാറുണ്ട്. 

1. ഉടനെയുണ്ടാകുന്നവ (അക്യൂട്ട്)

കീമോതെറപ്പി കഴിഞ്ഞയുടനെയും ചികിത്സാവേളയിലുമുണ്ടാകുന്ന പാർശ്വഫലങ്ങളാണിവ. മുടികൊഴിച്ചിൽ, ഛർദി, വായിലുണ്ടാകുന്ന അണുബാധ, പ്രതിരോധശേഷി കുറയൽ എന്നി വ ഈ ഗണത്തിൽ പെടുന്നു. ഇവയെല്ലാം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. 

2. കാലങ്ങൾക്കുശേഷം ഉണ്ടാകുന്നവ (ഡിലേയ്ഡ്)‌‌

കീമോതെറപ്പി ചെയ്യുമ്പോൾ പ്രതിരോധശേഷി കുറയും. അതിനാൽ മറ്റസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

തെറ്റിദ്ധാരണകൾ

കീമോതെറപ്പിയെപ്പറ്റി ഒട്ടേറെ അബദ്ധധാരണകൾ ഉണ്ട്. ഉദാഹരണത്തിന് മുടികൊഴിച്ചിൽ. മുടി സ്ഥിരമായി ഇല്ലാതാകുമെന്നാണ് സമൂഹം കരുതുന്നത്. ഇതു സ്ത്രീകൾക്കു മാനസികപ്രശ്നമുണ്ടാക്കുമെന്നു പറയേണ്ടതില്ലല്ലോ? മുടി കൊഴിയുന്നത് പേടിച്ച് കീമോതെറപ്പി വേണ്ട എന്നു പറയുന്നവരുണ്ട്. അർബുദകോശങ്ങളുടെ അനിയന്ത്രിതമായ പെരുകൽ തടയുകയാണ് കീമോതെറപ്പിയുടെ ലക്ഷ്യം. ശരീരത്തിൽ ഏറ്റവും പെട്ടെന്നു പെരുകുന്നത് മുടിയിലെ കോശങ്ങളാണ്. കീമോ തെറപ്പിക്കു വിധേയമാകുമ്പോൾ ഈ കോശങ്ങളുടെ വളർച്ച തടയപ്പെടും. പക്ഷേ, കീമോതെറപ്പി കഴിഞ്ഞ് രോഗത്തിൽ നിന്നു മുക്തി നേടിയാൽ മുടി പഴയപോലെ കിളിർത്തുവരും.

കീമോതെറപ്പിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

മുടികൊഴിച്ചിൽ തടയാൻ മരുന്നുകൾ ഒന്നുമില്ല. മുടി ചീകാൻ മൃദുവായ ചീപ്പ്, തല കഴുകാൻ വീര്യം കുറഞ്ഞ ഷാംപൂ എന്നിവ തിരഞ്ഞെടുക്കുക. ചില കീമോതെറപ്പി മരുന്നുകൾ മ‍ജ്ജയുടെ പ്രവർത്തനത്തെ തളർത്തും. ശ്വേതരക്താണുക്കളുടെ സംഖ്യ കുറയും. ഒന്നുരണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിതി പഴയ പോലെ ആകാറുണ്ട്. സംഖ്യ 2000 ത്തിൽ കുറയുകയാണെ ങ്കിൽ, 101 ഫാരൻഹീറ്റിൽ കൂടുതൽ പനിക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടണം.

കീമോതെറപ്പിക്കു വിധേയമാകുന്നവരിൽ അണുബാധയേൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. ∙കൈകൾ കഴുകി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
  2. ∙ഗുഹ്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
  3. ∙തൊലിപ്പുറത്ത് ഉരസലോ ചതവുകളോ ഉണ്ടാവാതെ സൂക്ഷിക്കുക.
  4. ∙യാത്ര കഴിയുന്നതും ചെയ്യാതിരിക്കുക.
  5. ∙ഏതെങ്കിലും കാരണവശാൽ മുറിവുണ്ടായെങ്കിൽ വൃത്തിയായി കഴുകിയശേഷം അണുനാശിനി ഓയിൻമെന്റ് പുരട്ടുക.
  6. ∙മുറിവുള്ള ഭാഗത്ത് ചുവപ്പു നിറം, വേദന എന്നിവ കണ്ടാൽ ഡോക്ടറോടു പറയുക.
  7. ∙വായുടെയും പല്ലിന്റെയും ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്.
  8. ∙മനംപുരട്ടലും ഛർദിയും ഒഴിവാക്കാനായി ചികിത്സയ്ക്കു തൊട്ടു മുൻപ് ഭക്ഷണം ഒഴിവാക്കുക. ഒരു മണിക്കൂർ മുൻപും പിൻപും പാനീയങ്ങൾ കഴിക്കുന്നതാണുത്തമം.
  9. അയവുള്ള വസ്ത്രം ധരിക്കുക, ഇഷ്ടമുള്ള പാട്ടുകേൾക്കുക, മനസ്സിനുല്ലാസം നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  10. ചികിത്സാസമയത്ത് മാനസികാസ്വാസ്ഥ്യം മൂലം ലൈംഗികബന്ധത്തിനു വ്യതിയാനങ്ങൾ കണ്ടേക്കാം. പക്ഷേ, രോഗിക്കോ പങ്കാളിക്കോ യാതൊരു പ്രശ്നവുമുണ്ടാകുന്നില്ല.
  11. ചികിത്സാ സമയത്ത് ഗർഭധാരണം രോഗിക്കോ പങ്കാളിക്കോ ആശ്വാസ്യ മില്ലാത്തതിനാൽ അനുയോജ്യമായ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കേണ്ടതാണ്.

വളരെ പ്രധാനമായ കാര്യം മറ്റുള്ളവരില്‍ നിന്നുള്ള അഭിപ്രായ ങ്ങളും നിർദേശങ്ങളും കേൾക്കരുത് എന്നതാണ്. പലരിലും പലരീതിയിലാണു പാർശ്വഫലങ്ങൾ കാണുകയെന്നതിനാൽ മെഡിക്കൽ ടീമിന്റെ ഉപദേശമനുസരിച്ചു മാത്രം പ്രവർത്തിക്കുക. കീമോതെറപ്പി എടുക്കുമ്പോൾ മറ്റു മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുമായി കൂടിയാലോചിച്ചിട്ടു മതി.

റേഡിയേഷൻ

നിയന്ത്രണമില്ലാത്ത റേഡിയേഷന്‍ കാൻസറിനു കാരണമാകുന്നെങ്കിൽ നിയന്ത്രിത രീതിയിലുള്ള റേഡിയയേഷനിലൂടെ കാൻസർ ചികിത്സിക്കാം. ഇന്നത്തെ പ്രധാന കാൻസർ ചികിത്സാ രീതികളിലൊന്നാണിത്. രണ്ടുതരം റേഡിയേഷൻ രീതികളുണ്ട്. യന്ത്രസഹായത്തോടെ ശരീരത്തിനു പുറത്തു നിന്നു റേഡിയേഷൻ നൽകുന്ന രീതി ബാഹ്യ റേഡിയേഷൻ തെറപ്പി. ശരീരത്തിനുള്ളിൽ കാൻസർ ബാധിച്ച സ്ഥലത്തോ അതിനടുത്തോ റേഡിയോ ആക്ടീവ് പദാർഥം നിക്ഷേപിച്ച് ചെയ്യുന്ന ചികിത്സയാണു ആന്തര റേഡിയേഷന്‍ തെറപ്പി. അമിതമായി പെരുകുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കുക, മുഴകളെ ചെറുതാക്കുക, രോഗം തിരിച്ചു വരുന്നതു തടയുക എന്നിവയാണു റേഡിയേഷൻ തെറപ്പിയുടെ ലക്ഷ്യം. റേഡിയേഷന്‍ തെറപ്പിയിലും പാർശ്വഫലങ്ങളുണ്ട്. പക്ഷേ, പാർശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള റേഡിയോ പ്രൊട്ടക്ടീവ് മരുന്നുകൾ ലഭ്യമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here