പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം ; നദികളില്‍ ജലനിരപ്പുയര്‍ന്നു

തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ടയില്‍ ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിമല, അച്ഛന്‍കോവിലാര്‍ നദികളില്‍ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്.

റെഡ് അലര്‍ട്ട് മുന്നറിയിപ്പില്‍ നിന്ന് ഓറഞ്ച് വിഭാഗത്തിലേക്ക് മാറിയ പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമില്ല. രാവിലെ മുതല്‍ തന്നെ പരക്കെ ശക്തമായ മഴയാണ് ലഭിച്ചത്. വരും മണിക്കൂറുകളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വനത്തിനുള്ളില്‍ മഴ ശക്തി പ്രാപിച്ചതോടെ അച്ചന്‍കോവില്‍, പമ്പാ, മണിമല ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി.

ജലനിരപ്പ് 34.40മീറ്ററില്‍ എത്തിയതോടെ മണിമലയാര്‍ ബാരേജിന്റെ 4 ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. മൂഴിയാര്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി നിലവില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഡാം തുറന്നാല്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. മണിമലയാര്‍ കല്ലൂപ്പാറയിലും അച്ചന്‍കോവിലാര്‍ തുമ്പമണ്ണിലും അപകട നിലയ്ക്ക് മുകളില്‍ വെള്ളം ഒഴുകുന്നുവെന്ന് കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി.

താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും റോഡുകള്‍ വെള്ളത്തിനടിയിലായി. കലഞ്ഞൂരിലും പന്തളത്തും വീടുകളില്‍ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ മുന്‍വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ നടന്നു വരുന്നു.വൃഷ്ടി പ്രദേശങ്ങളില്‍ മഴ ശക്തമായാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News