രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ ; മുഖ്യമന്ത്രി

രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും.

ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറുമണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം.

പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും.

തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്റ് സോണ്‍ മുഴുവനായും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News