ഗാസയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ബോംബിട്ടു തകര്‍ത്ത് ഇസ്രയേല്‍

ഗാസയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രയേല്‍ സൈന്യം. അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ ഒരു മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരിക്കുന്നത്.

ആക്രമണം യുദ്ധകുറ്റമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടു. നേരത്തെ ഗാസയില്‍ ഇസ്രയേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബ് വര്‍ഷത്തില്‍ 30ല്‍ അധികം വിദ്യാലയങ്ങള്‍ തകര്‍ന്നതായി സേവ് ദി ചില്‍ഡ്രന്‍ അറിയിച്ചു. 24,000 കുട്ടികളുടെ പഠന സൗകര്യമാണ് ഇതിലൂടെ ഇല്ലാതായതെന്നും സംഘടന വ്യക്തമാക്കി. അക്രമത്തെത്തുടര്‍ന്ന് എല്ലാ സ്‌കൂളുകളും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സംഘടന അറിയിച്ചു.

ഗാസയില്‍ ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളില്‍ 31 കുട്ടികളുള്‍പെടെ മരണം 126 ആയി. 920 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ഗാസയിലെ ഷാതി അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചതായി ആശങ്കയുണ്ട്. ആറു കുട്ടികളുള്‍പെടെ ഏഴു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 20 പേരെങ്കിലും കുടുങ്ങിക്കിടക്കുന്ന ഇതിനകത്തുനിന്ന് ആരെയെങ്കിലും ജീവനോടെ രക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ല. ശനിയാഴ്ച പുലര്‍ച്ചെ തുടര്‍ച്ചയായ അഞ്ചു ബോംബുകള്‍ വര്‍ഷിച്ചാണ് അഭയാര്‍ഥി ക്യാമ്പ് ചാരമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here