രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത് ; മുഖ്യമന്ത്രി

രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 9 ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ടെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായി മാറിയിരിക്കുന്നു എന്നത് ഗൗരവമായി കാണണം. കടല്‍ ഭിത്തി നിര്‍മിച്ചത് കൊണ്ടുമാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരം ആകുന്നില്ല എന്നത് കാണണം.മുഖ്യമന്ത്രി വ്യക്തമാക്കി.

അപകടാവസ്ഥയില്‍ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷക്കായുള്ള ഒരു ശാശ്വത പരിഹാരമെന്ന നിലക്കാണ് ‘പുനര്‍ഗേഹം’ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ അപകട സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വെക്കാനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. ഇപ്പോള്‍ നമ്മള്‍ ഒരു അടിയന്തര സാഹചര്യത്തിലാണ്. മുഖ്യമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റ് മൂലമുള്ള കടല്‍ക്ഷോഭം കുറച്ചു ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കാം എന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ നമ്മള്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി ആരുടേയും ജീവന്‍ അപകടത്തില്‍ പെടുന്നില്ല എന്നുറപ്പാക്കുകയാണ് വേണ്ടത്. എല്ലാവരുടെയും സഹകരണം ഈ കാര്യത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here