കൊവിഡ് വരുമെന്ന് കരുതി ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ ഇരിക്കരുത് ; മുഖ്യമന്ത്രി

കൊവിഡ് വരുമെന്ന് കരുതി ആരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ ഇരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷം ശക്തമാവുകയും വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കണ്ടാല്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വീകരിക്കാനും പാലിക്കാനും എല്ലാവരും തയ്യാറാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്യാമ്പുകളിലേയ്ക്ക് മാറാനുള്ള നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ കോവിഡ് പകര്‍ന്നേക്കാം എന്ന ആശങ്ക കാരണം മാറാതെ ഇരിക്കരുത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷിതമായി ക്യാമ്പുകള്‍ നടത്താനുള്ള രീതി തയ്യാറാക്കിയിട്ടുണ്ട്. രോഗികളായവരെ, ക്വാറന്റയിനില്‍ കഴിയുന്നവരെയൊക്കെ പ്രത്യേകമായി തന്നെ പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. അതുകൊണ്ട് ക്യാമ്പുകളിലേയ്ക്ക് മാറാന്‍ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ അത് പിന്തുടരാന്‍ വൈമുഖ്യം കാണിക്കരുത്. ക്യാമ്പുകളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും പരമാവധി ശ്രദ്ധിക്കണം.

ആളുകള്‍ ക്യാമ്പുകളില്‍ തിങ്ങി നില്‍ക്കാന്‍ പാടില്ല. മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണം. ക്യാമ്പിലേയ്ക്ക് വരുമ്പോള്‍ കയ്യില്‍ കരുതേണ്ട എമര്‍ജന്‍സി കിറ്റില്‍ സാനിറ്റൈസറര്‍, മാസ്‌ക്, മരുന്നുകള്‍, മരുന്നുകളുടെ കുറിപ്പുകള്‍ തുടങ്ങിയവ കരുതണം. സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പ്രധാന രേഖകള്‍ എന്നിവയും കയ്യില്‍ കരുതണം.

ക്യാമ്പുകളില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനലുകള്‍ തുറന്നിട്ട് പരമാവധി വായു സഞ്ചാരം ഉറപ്പു വരുത്തുകയും വേണം. ക്യാമ്പിലെത്തുന്നവര്‍ക്ക് ടെസ്റ്റിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കണം.

ഈ മാസം സംസ്ഥാനത്ത് 71 ദുരിതശ്വാസ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ ക്യാമ്പുകളില്‍ 543 കുടുംബങ്ങളിലായി 2094 പേര് കഴിയുന്നുണ്ട്. ഇതില്‍ 821 പുരുഷന്മാരും 850 സ്ത്രീകളും 423 കുട്ടികളുമുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 19 ക്യാമ്പുകളിലായി 672 പേരും, കൊല്ലം ജില്ലയിലെ 10 ക്യാമ്പുകളില്‍ 187 പേരും ആലപ്പുഴ ജില്ലയിലെ 10 ക്യാമ്പുകളിലായി 214 പേരും എറണാകുളം ജില്ലയില്‍ 17 ക്യാമ്പുകളില്‍ 653 പേരും ഉണ്ട്. കോട്ടയത്തെ 2 ക്യാമ്പുകളില്‍ 24 പേരും, തൃശൂരിലെ 7 ക്യാമ്പുകളില്‍ 232 പേരും, മലപ്പുറത്തെ 3 ക്യാമ്പുകളില്‍ 53 പേരും, കോഴിക്കോട് ജില്ലയിലെ 3 ക്യാമ്പുകളില്‍ 59 പേരുമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News