ഇന്ത്യ ശവപ്പറമ്പായി മാറി; നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ്സ് നേതാവ് നാനാ പട്ടോലെ

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും പരാജയപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യ ശവപ്പറമ്പായി മാറിയെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പട്ടോലെ പറഞ്ഞു. രാജ്യത്ത് കൊവിഡ് സുനാമി പോലെ ആഞ്ഞടിക്കുമെന്ന് ഫെബ്രുവരിയിൽ രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ നരേന്ദ്ര മോദി ഇതിനെ അവഗണിക്കുകയായിരുന്നുവെന്നും പട്ടോലെ കുറ്റപ്പെടുത്തി .

മഹാരാഷ്ട്രയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെയും നാനാ പട്ടോലെ വിമർശിച്ചു. ഫഡ്‌നാവിസിന് ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രിയ്ക്കാണ് കത്തെഴുതേണ്ടതെന്ന് പട്ടോലെ പറഞ്ഞു.

രാജ്യത്ത് എല്ലാവർക്കും വാക്‌സിനേഷൻ ഉറപ്പ് വരുത്തേണ്ട സമയത്ത് തിരഞ്ഞെടുപ്പ് പ്രചരണ റാലികൾക്കായിരുന്നു മോദി പ്രാധാന്യം നൽകിയതെന്നും പട്ടോലെ വിമർശിച്ചു.. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നതെന്ന് പറയുന്ന ഫഡ്‌നാവിസ് ഗുജറാത്തിലെ സ്ഥിതിവിശേഷം മന:പ്പൂർവ്വം മറച്ചു വയ്ക്കുകയാണെന്നും പട്ടോലെ ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ 71 ദിവസത്തിൽ 1,23,871 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ മഹാരാഷ്ട്രയിൽ 4216 പേരാണ് മരണപ്പെട്ടതെന്നും കോൺഗ്രസ്സ് നേതാവ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here