കൊവിഡ് പ്രതിരോധത്തിൽ രാഷ്ട്രീയം: കണ്ണൂർ കോർപ്പറേഷനിൽ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിച്ച് കണ്ണൂർ മേയർ.പയ്യാമ്പലത്ത് സന്നദ്ധ സംഘടനയായ ഐ ആർ പി സി യുടെ നേതൃത്വത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.കോർപ്പറേഷൻ നേരിട്ട് മാത്രമേ സംസ്കാരം നടത്താൻ പാടുള്ളൂ എന്നാണ് മേയറുടെ ഉത്തരവ്.

മേയർ ടി ഒ മോഹനനൻ്റെ രാഷ്ടീയ കളിയിലൂടെ കണ്ണൂർ കോർപ്പറേഷനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പയ്യാമ്പലത്ത് സംസ്കരിക്കുന്നതിന് സന്നദ്ധ സംഘടനകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് മേയർ.കോർപ്പറേഷൻ നേതൃത്വത്തിൽ മാത്രമേ ശവസംസ്കാരം നടത്താൻ പാടുള്ളൂ എന്നാണ് മേയറുടെ ഉത്തരവ്.

സി പി ഐ എം നിയന്ത്രണത്തിലുള്ള ഐ ആർ പി സി വാളണ്ടിയർമാരുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളെ പ്രശംസിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. 270 ൽ അധികം മൃതദേഹങ്ങൾ ഇതുവരെ ഐആർ പി സി നേതൃത്വത്തിൽ പയ്യാമ്പലത്ത് സംസ്കരിച്ചതിനെ കുറിച്ചായിരുന്നു വാർത്തകൾ.ഇതിന് പിന്നാലെയാണ് ഐ ആർ പി സി പ്രവർത്തനങ്ങൾ തടയുക ലക്ഷ്യം വച്ച് കണ്ണൂർ മേയറുടെ പ്രവാദ നടപടി.മേയറുടെ രാഷ്ട്രീയക്കളിയിലൂടെ കണ്ണൂർ കോർപ്പറേഷനിൽ കൊവിഡ് പ്രതിരോധം അട്ടിമറിക്കപ്പെടുകയാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പ്രതികരിച്ചു.

സംസ്ഥാനത്ത് യു ഡി എഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ഇതുവരെ കമ്മ്യൂണിറ്റി കിച്ചൻ പോലും ആരംഭിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത്,ഐ ആർ പി സി, ഡി വൈ എഫ് ഐ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്.സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന നിലപാടാണ് കണ്ണൂർ കോർപറേഷൻ സ്വീകരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here