കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികൾക്ക് രക്ഷകയായി ജെ.മേഴ്സിക്കുട്ടിയമ്മ

കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികൾക്ക് രക്ഷകയായി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രതിസന്ധിക്ക്‌ നടുവിലും അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി മേഴ്സിക്കുട്ടിയമ്മ ഫെയ്സ് ബുക്കിൽ കുറിച്ചു .

“വിഴിഞ്ഞത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിയുടെ വിളിവന്നു. കൊച്ചിയിൽ നിന്നും പോയ തിരുവനന്തപുരം മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ബോട്ട് രൂക്ഷമായ തിരയിൽപ്പെട്ടുവെന്നും എങ്ങനെയും അവരെ ലക്ഷദ്വീപിൽ അടുക്കുവാൻ സഹായിക്കണം എന്നുമായിരുന്നു ആവശ്യം.

ലക്ഷദ്വീപിൽ പുറത്തുനിന്നുമുള്ള ബോട്ട് അവിടെ അടുക്കുന്നത് അനുവദനീയമല്ല. എന്നാൽ ആപത്തിൽപെട്ട ബോട്ടുകൾ ജീവരക്ഷാർത്ഥം അവിടെ അടുത്തേ മതിയാകൂ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ സഹായം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ബോട്ട് എവിടെയാണ് എന്ന് ലൊക്കേറ്റ് ചെയ്യുന്നതായിരുന്നു പ്രശ്നം.

പിന്നീട് അന്വേഷിച്ചു വന്നപ്പോൾ തിരുവനന്തപുരം സ്വദേശികൾ ഉൾപ്പെടുന്ന ഒരു ബോട്ട് അല്ല കൊച്ചിയിൽ നിന്നും പോയ 3 ബോട്ടുകളും തമിഴ്നാട് രജിസ്ട്രേഷനുള്ള 3 ബോട്ട് അടക്കം 6 ബോട്ടുകളാണ് അപകടത്തിൽ പെട്ടിരുന്നത്. അതിലൊന്നിന്റെ പ്രവർത്തനം നിലച്ചു പോയിരുന്നു.

ഒടുവിൽ ഉച്ചയോടുകൂടി അപകടത്തിൽപ്പെട്ട ബോട്ടിനെ മറ്റ് ബോട്ടിലെ തൊഴിലാളികൾ അവരുടെ ബോട്ടിൽ സാഹസികമായി കെട്ടി കടമത്ര ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങുന്നതായി തൊഴിലാളികൾ അറിയിച്ചു. 3.30 കഴിഞ്ഞാൽ ഒരു ദ്വീപിനെയും കടലിൽനിന്നും തൊഴിലാളികൾക്ക് കാണാൻ കഴിയാത്ത തരത്തിൽ എല്ലാ ദ്വീപിലെയും വൈദ്യുതി ബന്ധം പൂർണമായി തകർന്നിരുന്നു. എന്ന് മാത്രമല്ല അവിടെയുള്ള ബോട്ടുകൾക്ക് ഇവരെ കൂട്ടിക്കൊണ്ടുവരാൻ കഴിയുന്ന സാഹചര്യവും ആയിരുന്നില്ല.

എന്തായാലും ഒടുവിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഈ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടാൻ കഴിയുകയും അവരെ കടമത്ര ദ്വീപിലേക്ക് എത്തിച്ച് രക്ഷപ്പെടുത്തുകയുമാണുണ്ടായത്. എല്ലാ ബോട്ടിലെയും തൊഴിലാളികൾ സുരക്ഷിതരായിരിക്കുന്നു. അവർ നേരിട്ട് വിളിച്ചിരുന്നു എന്ന വിവരം തിരുവനന്തപുരം കോട്ടപ്പുറം കൗൺസിലർ പനിയടിമ എന്നെ വിളിച്ച് അറിയിക്കുകയും നന്ദി പറയുകയും ചെയ്തു. എന്നാൽ ഞാൻ അഭിനന്ദനം അറിയിക്കുന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെയാണ്.

ഈ പ്രതിസന്ധിക്ക്‌ നടുവിലും നമ്മുടെ ആവശ്യപ്രകാരം അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here