മാധ്യമങ്ങളെയും സാധാരണ പൗരന്‍മാരെയും വേട്ടയാടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം; ഇസ്രായേലിനെതിരെ ഐക്യരാഷ്ട്ര സംഘടന

വാഷിംഗ്ടണ്‍: ഗാസയിലെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനത്തേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും എന്തുവിലകൊടുത്തും ആക്രമണം ഒഴിവാക്കണമെന്നും ഐക്യരാഷ്ട്ര സംഘടന തലവന്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

‘കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ നടന്ന ആക്രമണം, ഒരു കുടുംബത്തിലെ പത്ത് പേരും ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്, ഹമാസിന്റെ നേതാവിനെ ലക്ഷ്യം വെച്ച് അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം ഇതൊന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ശക്തമായി തന്നെ അപലപിക്കുന്നു. മാധ്യമങ്ങളെയും സാധാരണ പൗരന്‍മാരെയും വേട്ടയാടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്,’ ഗുട്ടറസ് പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയിലെ അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഇസ്രായേല്‍ സൈന്യം കഴിഞ്ഞദിവസം ബോംബാക്രമണം നടത്തിയത്.

തുടര്‍ച്ചയായ ആറ് ദിവസമായി ഇസ്രായേല്‍ ഗാസയിലേക്ക് ബോംബാക്രമണം നടത്തുകയാണ്. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ നടപടി.

ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രായേല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. രണ്ട് സെക്കന്റിനുള്ളില്‍ എല്ലാം അപ്രത്യക്ഷമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ലേഖകന്‍ സഫ്വത് അല്‍ കഹ്ലൗട്ടിന്റെ പ്രതികരണം.

മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രായേല്‍ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News