നാശം വിതച്ച് ടൗ​ട്ടെ; സംസ്ഥാനത്ത് മഴ കനക്കുന്നു, 18ന് ടൗ​ട്ടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ടൗ​ട്ടെ ചുഴലിക്കാറ്റ്​ ശക്തിപ്രാപിച്ചതോടെ സംസ്​ഥാനത്ത്​ ഇന്നും ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. എല്ലാ ജില്ലകളിലും 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മേയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 130 കിമീ തെക്കു പടിഞ്ഞാറായാണ് നിലവിൽ കാറ്റിന്‍റെ സ്ഥാനം. ഗോവൻ തീരത്ത് കനത്ത നാശനഷ്ടം നേരിട്ടതായാണ് റിപ്പോർട്ട്.

കേരള തീരത്ത് ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഇന്നും തുടരുമെന്നതിനാൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്​, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം മൂലം അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. മഴക്കെടുതിയിൽ സംസ്​ഥാനത്ത്​ ഇതുവരെ നാലു​പേരാണ്​ മരിച്ചത്​. നിരവധി വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്​തു.

ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയിൽ വെറാവൽ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാകിസ്​താനിലെ കറാച്ചിയിൽ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിലാണ്​ നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം.

ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടർന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും അവർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News