കെഎസ്‌ഇബി ജീവനക്കാർക്ക്‌ സല്യൂട്ടടിച്ച്‌ നാട്‌

കെഎസ്‌ഇബി ജീവനക്കാർക്ക്‌ സല്യൂട്ടടിച്ച്‌ നാട്‌. അതിതീവ്രമഴയും കാറ്റും ഉയർത്തുന്ന പ്രതിബന്ധങ്ങളിൽ പതറാതെ നാടിന്റെ ‘വെളിച്ചം’ കാക്കാനിറങ്ങുന്ന ജീവനക്കാർക്ക്‌ സൈബർ ലോകത്തടക്കം ലൈക്കും നന്ദിയും നിറയുകയാണ്‌.

മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണ്‌ വൈദ്യുതി രംഗത്തുണ്ടായത്‌. നിരവധി സ്ഥലങ്ങളിൽ ലൈൻ പൊട്ടിവീണു. പോസ്‌റ്റുകൾ തകർന്നു. എന്നാൽ, പ്രതിസന്ധികളെ നേരിട്ട്‌ അതിവേഗം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈദ്യുതി ജീവനക്കാർ കഠിനാധ്വാനം ചെയ്യുന്ന കാഴ്‌ചയാണെങ്ങും. ഇതിൽ ചിലദൃശ്യങ്ങൾ കെഎസ്‌ഇബി ഔദ്യോഗിക ഫെയ്‌സ്‌ബുക് പേജിലും പങ്കുവച്ചു. ഈ ദൃശ്യങ്ങൾക്ക്‌ കീഴിൽ കെഎസ്‌ഇബിക്ക്‌ ബിഗ്‌ സല്യൂട്ട്‌, റിയൽ ഹീറോസ്‌ തുടങ്ങിയ കമന്റുകളിട്ടാണ്‌ ഉപഭോക്താക്കൾ നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കുന്നത്‌. ‘ശ്രദ്ധിക്കണമെന്നും മുൻകരുതലെടുക്കണമെന്നും’ സ്‌നേഹം നിറയും കമന്റുകളും ഇക്കൂട്ടത്തിലുണ്ട്‌.

കൊവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ വൈദ്യുതി വിതരണം ഉറപ്പാക്കാനുള്ള പ്രത്യേക നടപടികൾ കെഎസ്‌ഇബി സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ്‌ അതിതീവ്ര മഴയും കാറ്റും വില്ലനായെത്തിയത്‌. സവിശേഷ സാഹചര്യങ്ങളെ നേരിടാൻ രൂപീകരിച്ച പവർ ബ്രിഗേഡിനെ ഉൾപ്പെടെ ഫലപ്രദമായി വിനിയോഗിച്ചാണ്‌ പരമാവധി വേഗത്തിൽ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നത്‌. ജീവനക്കാർ, കരാർ, വിരമിച്ച ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി പവർബ്രിഗേഡ്‌ രൂപീകരിച്ചു. ഇതിന്‌ പുറമെ ജീവനക്കാരുടെ റിസർവ്‌ ടീമും തയ്യാറാക്കി. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലും സർക്കിൾതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നു. തകരാർ പരിഹരിക്കാനാവശ്യമായ ഉപകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്‌. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാൻ എമർജൻസി നമ്പറും ലഭ്യമാക്കി. നമ്പർ: 9496010101

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News