ശക്തിപ്രാപിച്ച ടൗട്ടെ ചുഴലിക്കാറ്റ് വൈകിട്ടോടെ ഗുജറാത്ത് തീരത്തെത്തും; കേരളത്തിലും ജാഗ്രത

ഗുജറാത്ത്-ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ടൗട്ടെ മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടര്‍ന്ന് മെയ് 18 അതിരാവിലെയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ (ഭാവ്നഗര്‍ ജില്ല ) തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥവകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

ചുഴലിക്കാറ്റിന് മുന്നോടിയായുള്ള കനത്ത കാറ്റിലും മഴയിലും ഗുജറാത്തില്‍ ഇതുവരെ ആറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. മരങ്ങള്‍ കടപുഴകി വീണും ഇലക്‌ട്രിക് പോസ്റ്റുകള്‍ വീണുമുണ്ടായ നാശനഷ്ടങ്ങള്‍ വേറെയും. താഴ്ന്ന തീരദേശമേഖലകളില്‍ നിന്നും ഒന്നരലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തിരഘട്ടങ്ങള്‍ നേരിടാന്‍ ദേശീയ ദുരന്തപ്രതികരണ സേനയുടെ 54 ടീമുകളെയാണ് ഗുജറാത്തില്‍ വിന്യസിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തപ്രതികരണ സേനയും പൂര്‍ണ്ണമായി സജ്ജമായിട്ടുണ്ട്.

ടൗട്ടെയുടെ സ്വാധീനം കേരള, മഹാരാഷ്ട്ര തീരങ്ങളിലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. മുംബൈയില്‍ അടിയന്തിര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ഒപ്പം അത്യാവശ്യഘട്ടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി താത്ക്കാലിക അഭയകേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണവിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം പുറത്തുവിടുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News