18ന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ;രജിസ്‌റ്റർ ചെയ്തത്‌ 1.90 ലക്ഷംപേർ

സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രമേഹം, വൃക്ക, കരള്‍-ഹൃദ്രോഗം തുടങ്ങി 20തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് നല്‍കുക. ഇതിന് മാര്‍ഗരേഖയും ഇറക്കി. വാക്സിന്‍ അനുവദിച്ചവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ സന്ദേശം ലഭിക്കും.

ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇവര്‍ക്കു പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. അപ്പോയിന്‍മെന്റ് എസ് എം എസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

ഇന്നലെ വൈകീട്ട് വരെ രേഖകള്‍ സഹിതം നാല്‍പതിനായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 11,625 പേരുടെ അപേക്ഷ മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിച്ചതായും 25,511 പേരുടേത് തീര്‍പ്പ് കല്‍പിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ലോക്ഡൗണ്‍ കാലത്ത് ആശുപത്രി സന്ദര്‍ശനം പ്രയാസകരമാണെന്ന പരാതി ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ ഡിസ്ചാര്‍ജ് സമ്മറി അറ്റാച്ച്‌ ചെയ്യാന്‍ അവസരമൊരുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here