മുംബൈയുടെ തെക്ക്-തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റർ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗര തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളവും ബാന്ദ്ര-വർളി സീ ലിങ്ക് വഴിയുള്ള വാഹന ഗതാഗതവും നിർത്തിവച്ചതായി ബി എം സി അറിയിച്ചു.
കടുത്ത ചുഴലിക്കാറ്റ് അടുത്ത മണിക്കൂറിനുള്ളിൽ രൂക്ഷമാകുമെന്നും ഇന്ന് വൈകുന്നേരം ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതിവേഗ കാറ്റ് കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
മുൻകരുതൽ നടപടിയായി, മുംബൈ മോണോറെയിൽ എല്ലാ പ്രവർത്തനങ്ങളും ഒരു ദിവസത്തേക്ക് നിർത്തിവച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി എടുത്ത പെട്ടെന്നുള്ള തീരുമാനമാണിത്.
മുംബൈ വിമാനത്താവളം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അടച്ചിടും . സ്പൈസ് ജെറ്റ് ചെന്നൈ-മുംബൈ സർവീസ് – സൂറത്തിലേക്ക് തിരിച്ചുവിട്ടു.
ഞായറാഴ്ച രാത്രി 11 നും തിങ്കളാഴ്ച രാവിലെ 7 നും ഇടയിൽ നഗരത്തിൽ 8.37 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ കിഴക്ക്, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ യഥാക്രമം 6.53 മില്ലിമീറ്ററും 3.92 മില്ലിമീറ്ററും മഴ ലഭിച്ചുവെന്ന് ബിഎംസി അറിയിച്ചു.
ഞായറാഴ്ച, കാലാവസ്ഥാ വകുപ്പ് മുംബൈയ്ക്ക് ഓറഞ്ച് അലേർട്ട് നൽകി, തിങ്കളാഴ്ച ശക്തമായ കാറ്റുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും പ്രവചിക്കുന്നു.
അതിശക്തമായ ചുഴലിക്കാറ്റ് തീവ്രതയോടെയാണ് മുംബൈ തീരത്തേക്ക് അടുക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇന്ത്യൻ നാവികസേനയും അതീവ ജാഗ്രതയിലാണെന്നും ബി എം സി അധികൃതർ അറിയിച്ചു
മുംബൈ അഗ്നിശമന സേനയെയും ആറ് രക്ഷാ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കുവാനായി നഗരത്തിലെ 24 സിവിൽ വാർഡുകളിൽ അഞ്ച് താൽക്കാലിക ഷെൽട്ടറുകൾ വീതം സജ്ജമാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.