ടർക്കിഷ് കപ്പ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ

ടർക്കിഷ് കപ്പ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ. അൻറല്യാസ്പോർ ബെസിക്ടാസിനെ നേരിടും. നാളെ രാത്രി 11:15 ന് തുർക്കിയിലെ ഗുർസൽ അക്സൽ സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ടർക്കിഷ് സൂപ്പർ ലീഗിൽ ഫോട്ടോഫിനിഷിന് സമാനമായ കിരീടപ്പോരിലാണ് ഗലത്സറായിയെ മറികടന്ന് ബെസിക്ടാസ് ചാമ്പ്യന്മാരായത്.

 ഇത് പതിനാറാം തവണയാണ് ബെസിക്ടാസ് ലീഗിൽ ചാമ്പ്യന്മാരാകുന്നത്. ടർക്കിഷ് കപ്പ് ഫൈനലിനൊരുങ്ങുമ്പോൾ തുടർ കിരീടം മാത്രമാണ് ചാമ്പ്യന്മാരുടെ ലക്ഷ്യം. സെർജൻ യാൽസിന്റെ പരിശീലന മികവിൽ ടീം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.റാച്ചിദ് ഗെസ്സലും എൻകൗഡൂവും സെൻക് ടോസനും മിന്നും ഫോമിലാണ്.

ടർക്കിഷ് സൂപ്പർ ലീഗിൽ ഗോൾ മഴ പെയ്യിച്ച മാസ്മരിക ഫോം ടർക്കിഷ് കപ്പ് ഫൈനലിലും തുടരാമെന്ന പ്രതീക്ഷയും ടീമിനുണ്ട്. ഒൻപത് തവണ ടർക്കിഷ് കപ്പിൽ ബെസിക്ടാസ് ജേതാക്കളായിട്ടുണ്ട്. അതേ സമയം ടർക്കിഷ് സൂപ്പർ ലീഗിൽ പതിനാറാം സ്ഥാനത്താണ് അൻറല്യാസ്പോർ ഫിനിഷ് ചെയ്തത്.

ജർമനിയുടെ മുൻ ലോകകപ്പ് താരം ലൂക്കാസ് പൊഡോൾസ്കിയാണ് അൻറല്യാസ്പോറിന്റെ ഗോളടിയന്ത്രം. പൊഡോൾസ്കിയുടെ ഗോളടി മികവിലായിരുന്നു ടീമിന്റെ ഫൈനൽ പ്രവേശം. ഒത്തൊരുമയുള്ള പ്രകടനമാണ് ടീം ടൂർണമെന്റിൽ ഇതേ വരെ പുറത്തെടുത്തത്. യെർസുൻ യനാലാണ് അൻറല്യാസ്പോർ ക്ലബ്ബിന്റെ പരിശീലകൻ.

ചരിത്രത്തിലിതേവരെ അൻറല്യാസ്പോർ ടർക്കിഷ് കപ്പ് നേടിയിട്ടില്ല.2000 ൽ ഫൈനലിലെത്തിയത് മാത്രമാണ് എടുത്തു പറയത്തക്ക പ്രകടനം. പൊഡോൾസ്കി ഗോളടിമികവ് ഫൈനലിലും ആവർത്തിച്ചാൽ ചരിത്ര കിരീടം അൻറല്യാസ്പോറിന് സ്വന്തമാകും.

കിരീടനേട്ടത്തിൽ രണ്ടക്കം തികയ്ക്കാൻ ഉറച്ച് ബെസിക്ടാസും ചരിത്രം കുറിക്കാൻ ഉറച്ച് അൻറല്യാസ്പോറും മുഖാമുഖം വരുമ്പോൾ
ഗുർസൽ അക്സൽ സ്റ്റേഡിയം വേദിയാവുക ഉശിരൻ പോരാട്ടത്തിന് തന്നെയാകുമെന്ന് തീർച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here