ടൗട്ടേ ചുഴലിക്കാറ്റ്; കനത്ത മഴയില്‍ സംസ്ഥാനത്ത് 7 മരണമെന്ന് മുഖ്യമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കനത്ത മഴയിലും കടല്‍ക്ഷോഭത്തിലുമായി 1464 വീടുകള്‍ ഭാഗീകമായും 68 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തമാവുകയാണ്. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത നാളെ വരെ ഉണ്ട്.

പൊതുവെ മഴ കുറയുന്ന സാഹചര്യമാണുള്ളത്.
എന്നാല്‍, ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം അറബിക്കടല്‍ അടുത്ത ദിവസങ്ങളിലും പ്രക്ഷുബ്ധമായി തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നറിയിപ്പാണ് സംസ്ഥാനത്തിന് നല്‍കിയിരിക്കുന്നത്. തീരദേശ വാസികള്‍ ജാഗ്രത തുടരണം.

ഇന്ന് പകല്‍ മൂന്നുമണി വരെ ലഭിച്ച കണക്ക് പ്രകാരം സംസ്ഥാനത്തെ 175 ദുരിതാശ്വാസ ക്യാമ്പുകളിലായി 1479 കുടുംബങ്ങളില്‍പ്പെട്ട 5235 പേരുണ്ട്. അതില്‍ 2034 പുരുഷന്മാരും 2191 സ്ത്രീകളും 1010 കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ പേരുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്- 1427ഉം 1180ഉം പേര്‍ വീതം.

മെയ് 12 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും 2 പേര്‍ വീതവും ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവടങ്ങളില്‍ ഓരോ പേരും ഉള്‍പ്പടെ 7 പേര്‍ മരണമടഞ്ഞു.

ടൗട്ടെ ചുഴില്‍ക്കറ്റിന്റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 310.3 കിലോമീറ്റര്‍ എല്‍എസ്ജിഡി റോഡുകള്‍ തകര്‍ന്നു. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News