വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണിൽ നിന്നും സി പി ഐ എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന എം വി ഗോവിന്ദൻ മാസ്റ്റർ അര നൂറ്റാണ്ട് കാലത്തെ പൊതു പ്രവർത്തനത്തിലെ അനുഭ സമ്പത്തുമായാണ് മന്ത്രിസഭയിലേയ്ക്ക് എത്തുന്നത്. അടിയന്തരാവസ്ഥയില്‍ ഉരുകി തെളിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായ എം വി ഗോവിന്ദൻ മാസ്റ്റർ പത്ത് വർഷം എം എൽ എന്ന നിലയിൽ പാർലമെൻ്ററി രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിൽ നിന്നും തിളക്കമാർന്ന വിജയം നേടിയാണ് പതിനഞ്ചാം കേരള നിയമസഭയിൽ എത്തിയത്.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിലെ കാർക്കശ്യം,അതുല്യമായ സംഘാടന പാടവം,നാട്ടുകാർക്കിടയിലെ സൗമ്യ സാന്നിധ്യം.കമ്മ്യൂണിസ്റ്റ് കർഷക പോരാട്ട ഭൂമിയായ മൊറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദൻ മാസ്റ്റർ എന്ന നേതാവിനെ രൂപപ്പെടുത്തിയത്.
ബാലസംഘത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ എം വി ഗോവിന്ദൻ മാസ്റ്റർ യുവജന,കർഷക പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്ന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.ഡി വൈ എഫ് ഐ യുടെ പ്രഥമ സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി.അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പോലീസ് പീഡനവും നാല് മാസം ജയിൽ വാസം അനുഭവിച്ചു.
1970 ൽ പാർട്ടി അംഗത്വത്തിൽ എത്തിയ എം വി ഗോവിന്ദൻ മാസ്റ്റർ 1991 ൽ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.2006ല്‍ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ൽ കേന്ദ്ര കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
1996 മുതൽ 2006 വരെ തളിപ്പറമ്പ് എം എൽ എ യായിരുന്ന ഗോവിന്ദൻ മാസ്റ്റർ പാർലമെന്ററി രംഗത്തും മികവ് തെളിയിച്ചു.കണ്ണൂരിലെ മൊറാഴയില്‍ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രില്‍ 23 ന് ജനിച്ച എം വി ഗോവിന്ദന്‍ മാസ്റ്റർ അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്.സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായ ഭാര്യ പി കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും ഉൾപ്പെടുന്നതാണ് എം വി ഗോവിന്ദൻ മാസ്റ്ററുടെ കുടുംബം.
Get real time update about this post categories directly on your device, subscribe now.