അര്‍ഹതയ്ക്കുളള അംഗീകാരം: മന്ത്രിസഭയിൽ അഡ്വ. ആന്‍റണി രാജു

കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവര്‍ത്തനാണ് അഡ്വ. ആന്‍റണി രാജു. സുദീര്‍ഘമായ കാലം ഇടത്പക്ഷ മുന്നണിയുടെ ശക്തനായ വക്താവും , പോരാളിയുമായ ആന്‍റണി രാജുവിനെ തേടി മന്ത്രിസ്ഥാനം എത്തുമ്പോള്‍ അത് അര്‍ഹതയ്ക്കുളള അംഗീകാരമായി മാറുകയാണ്.

1972 ല്‍ കേരളാ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ എസ് സിയുടെ രാഷ്ടീയ പ്രവര്‍ത്തനം ആരംഭിച്ച അഡ്വ. ആന്‍റണി രാജു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തനായ പോരാളിയാണ് .തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ആന്‍റണി രാജു തുമ്പ സെന്‍റ് സേവിയേ‍ഴ്സ്, മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ കെ എസ് സിയുടെ യൂണിറ്റ് പ്രസിഡന്‍റ് ആയിട്ടാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

1987 മുതല്‍ പത്ത് വര്‍ഷകാലം കേരളാ കോണ്‍ഗ്രസ് വിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് ആയിരുന്നു. 1990 ല്‍ ശംഖുമുഖം ഡിവിഷനില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ കരുത്തനായിരുന്ന അഡ്വ. ജോര്‍ജ്ജ് മസ്ക്രീനെ പരാജപ്പെടുത്തി.

1991 തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് എംഎം ഹസ്സനോട് പരാജയപ്പെട്ടങ്കിലും , 1996 ല്‍ അതേ എംഎം ഹസ്സനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. ഇതിനിടയില്‍ എംവി രാഘവനോട് 2001ൽ പരാജയപ്പെട്ടങ്കിലും ഇടത്പക്ഷത്തിന്‍റെ മുന്‍നിരപോരാളിയായി തുടര്‍ന്നു. ഒരു ചെറിയ കാലയളവ് ഇടത് മുന്നണിയില്‍ നിന്ന് മാറി യുഡിഎഫിന്‍റെ ഭാഗമായെങ്കിലും അധികം വൈകാതെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ ഭാഗമായി ഇടത് മുന്നണിയില്‍ തിരിച്ചെത്തി.

ചാനല്‍ ചര്‍ച്ചകളില്‍ ഇടത് മുന്നണിയുടെ ശക്തനായ വക്താവായ ആന്‍റണി രാജു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് .ശക്തമായ ത്രികോണ മല്‍സരത്തില്‍ മുന്‍ മന്ത്രിയായ വിഎസ് ശിവകുമാറിനെ മലര്‍ത്തിയടിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കി. പൂന്തുറ സ്വദേശിയായ എസ് .അല്‍ഫോണ്‍സിന്‍റെയും, ലൂര്‍ദ്ദമ്മയുടെയും മകനായ ആന്‍റണി രാജു കടലോര ജനതയ്ക്ക് വേണ്ടി എക്കാലത്തും ശക്തമായി നിലയുറപ്പിച്ചു.

ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഗ്രേസിയാണ് ആന്‍റണി രാജുവിന്‍റെ ഭാര്യ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ റോഷ്ണി, റോഹന്‍ എന്നിവരാണ് മക്കൾ. കരകൗശല വികസന കോര്‍പ്പറേഷന്‍, ട്രാവന്‍കൂര്‍ സിമന്‍സ്, എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മായിട്ടുണ്ട്. കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ക്കൊപ്പം എന്നും നിലയുറപ്പിച്ചിട്ടുളള ആന്‍റണി രാജുവിന് അര്‍ഹതയ്ക്കുളള അംഗീകാരമെന്നോണമാണ് ഇപ്പോൾ മന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News