മുംബൈ അതീവ ജാഗ്രതയിൽ; നവി മുംബൈയിൽ മരണം മൂന്നായി

നവി മുംബൈയിൽ ഉറാനിലും  സൻപാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ്  രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്.

ഉറാൻ  മാർക്കറ്റിൽ ഒരു ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞു വീണതിനെ തുടർന്നാണ് പച്ചക്കറി വിൽപ്പനക്കാരി നിത നായിക്കും  (50)   കാൽനടയാത്രക്കാരിയായ  സുനന്ദഭായ് ഗാരത്തും  (55) കൊല്ലപ്പെട്ടത്.  നീത നായിക്ക് ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ  മരണം സംഭവിച്ചിരുന്നു. വാഷിയിലെ എൻ‌എം‌സി ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സുനന്ദഭായ് മരണപ്പെട്ടത്.

പാം ബീച്ച് റോഡിലൂടെ സ്കൂട്ടർ ഓടിക്കുന്നതിനിടെയാണ് ഐരോളി നിവാസിയായ വിശാൽ നരൽകർ (35)  വഴിവിളക്ക് ദേഹത്തേക്ക്  വീണതിനെ തുടർന്ന് മരണപ്പെട്ടത്. പുലർച്ചെ സൻപാഡയിലെ മൊറാജ് സർക്കിളിന് സമീപമാണ് സംഭവം

മുംബൈ തീരത്ത് 160 കിലോമീറ്റർ വേഗതയിലാണ്  ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. പരമാവുധി 185 കിലോമീറ്റർ വരെ വേഗതയിൽ തീരം തൊടുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

മുംബൈയിൽ ഓറഞ്ചു അലർട്ട് പ്രഖാപിച്ചിരുന്നു.  നഗരത്തിൽ രാവിലെ മുതൽ അനുഭവപ്പെട്ട  കനത്ത മഴയും ശക്തിയായ കാറ്റും വലിയ ആശങ്കയാണ്  ഉണ്ടാക്കിയത്. മരങ്ങൾ കടപുഴകി വീണും കെട്ടിടത്തിന്റെ ജീർണിച്ച ഭാഗങ്ങൾ തകർന്ന് വീണുമാണ് നാശ നഷ്ടങ്ങൾ സംഭവിച്ചത് .

മുംബൈയിൽ മൈതാനങ്ങളിലടക്കമുള്ള താൽക്കാലിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് അറന്നൂറോളം രോഗികളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. മുംബൈ  അന്താരാഷ്ട്ര വിമാനത്താവളം,  മോണോറെയിൽ  കൂടാതെ ബാന്ദ്ര സീ ലിങ്ക് പാതയും മുൻകരുതൽ നടപടിയുടെ ഭാഗമായി അടച്ചിട്ടിരുന്നു.  ലോക്കൽ ട്രെയിൻ‌ സർവീസുകളും തടസ്സപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് മുംബൈ നഗരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News