മഹാമാരിയില്‍ വലയുന്ന മുംബൈ നഗരം ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞു; 6 മരണം, നിരവധി നാശനഷ്ടങ്ങള്‍

മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വലയുന്ന നഗരത്തിന് മറ്റൊരു ദുരിതമായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റ്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ആറു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ റായ്ഗഡ് ജില്ലയില്‍ 839 വീടുകള്‍ക്ക് നാശം സംഭവിച്ചു. കൊങ്കണ്‍, നവി മുംബൈ, താനെ ജില്ലകളിലായി വിവിധ സംഭവങ്ങളിലാണ് ആറ് പേര്‍ മരിച്ചത്

ശക്തിയായ കാറ്റും മഴയും നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിയ നാശം വിതച്ചു. പുലര്‍ച്ചെ നാലു മണിയോടെ തുടങ്ങിയ മഴ ഉച്ചയോടെയാണ് ശക്തി പ്രാപിച്ചത്. രാത്രി വൈകുവോളം ഇത് തുടരുകയായിരുന്നു . വൃക്ഷങ്ങള്‍ കടപുഴകി വീണും ജീര്‍ണിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിലം പതിച്ചും മതിലുകള്‍ തകര്‍ന്നുമാണ് അപകടങ്ങള്‍ സംഭവിച്ചത്.

വിമാനത്താവളം പൂര്‍ണമായി അടച്ചിട്ടു. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതോടെ ദൂര യാത്രക്കാരെ വലച്ചു . നഗരത്തിലെ മോണോ റെയില്‍, ലോക്കല്‍ ട്രെയിന്‍ , ദീര്ഘ ദൂര ട്രെയിനുകളും റദ്ദാക്കി. അക്ഷരാര്‍ഥത്തില്‍ നഗരം വിറങ്ങലിച്ചു നിന്ന ദിവസമാണ് കടന്നു പോയത്

തീരദേശ പ്രദേശങ്ങളായ പാല്‍ഘര്‍ റായ്ഗഡ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത് . മുംബൈയുടെയും പാല്‍ഘര്‍ ജില്ലയുടെയും തീര പ്രദേശങ്ങളില്‍ നിന്നും 12,420 പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു

പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടത് നിരവധി ആശുപത്രികളിലും വലിയ ബുദ്ധിമുട്ടുണ്ടാക്കി. ബാന്ദ്ര, കുര്‍ള, ദഹിസര്‍ തുടങ്ങിയ നഗരത്തിലെ ജംബോ കോവിഡ് കേന്ദ്രങ്ങളില്‍ നിന്ന് രോഗികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം മുടങ്ങി. ദൂരയാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. മുന്നറിയിപ്പ് ഉണ്ടായിരുന്നത് കൊണ്ട് ഭൂരിഭാഗം നഗരവാസികളും വീടുകളില്‍ തന്നെയായിരുന്നു. ഓഫീസുകളും അധികം പ്രവര്‍ത്തിച്ചിരുന്നില്ല . ഉച്ചയോടെ ചുഴലിക്കാറ്റിന്റെ തീവ്രത കൂടിയതോടെ നഗരം പൂര്‍ണമായി അടച്ചിരിക്കുകയായിരുന്നു

മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിച്ചു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം. സി.എസ്.ടി. റെയില്‍വേ സ്റ്റേഷനടക്കം പല ഭാഗങ്ങളിലും മേല്‍ക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റുകള്‍ ശക്തിയായ കാറ്റില്‍ പറന്നുപോയി. രാത്രി 11 മണിക്കുശേഷമാണ് ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ അതിര്‍ത്തി കടന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News