ADVERTISEMENT
ഒരു പതിറ്റാണ്ട് കാലം മികച്ച പാര്‍ലമെന്‍റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് എംബി രാജേഷ് നിയമസഭയെ നിയന്ത്രിയ്ക്കാനെത്തുന്നത്.
എഴുത്തുകാരന്‍, പരിഭാഷകന്‍, പ്രഭാഷകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ കൈയ്യൊപ്പു ചാര്‍ത്തിയ പൊതുപ്രവര്‍ത്തകനാണ് എംബി രാജേഷ്. കൈയിലിയാട് മാന്പറ്റ വീട്ടില്‍ ബാലകൃഷ്ണന്‍ നായരുടെയും രമണിയുടെയും മകനായി 1971 മാര്‍ച്ച് 12ന് ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളേജില്‍ നിന്ന് സാന്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ എംബി രാജേഷ് തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടി.
എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുന്നത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താണ്ടിയത് സമരതീക്ഷ്ണമായ വഴികള്‍. വിദ്യാര്‍ത്ഥി-യുവജനസംഘടനാ കാലത്ത് അവകാശ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി നിരവധി തവണ അറസ്റ്റ് വരിക്കപ്പെട്ടു.
സംഘടനാ പ്രവര്‍ത്തന രംഗത്തെ മികവും സമര വഴികളിലൂടെ ലഭിച്ച ഊര്‍ജ്ജവുമായി നേതൃത്വത്തിലേക്കുയര്‍ന്നു വന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യാ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം. വിദ്യാര്‍ത്ഥി സംഘടനാകാലത്ത് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ പാലക്കാട് നിന്നും ജയിച്ചു കയറിയ എംബി രാജേഷ് 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ ചരിത്ര വിജയം നേടി വീണ്ടും പാര്‍ലമെന്‍റിലേക്കെത്തി. പത്ത് വര്‍ഷക്കാലം രാജ്യത്തെയാകെ ജനവിഭാഗങ്ങള്‍ക്കായി പാര്‍ലിമെന്‍റില്‍ നിരന്തരം ശബ്ദമുയര്‍ത്തി നിറഞ്ഞു നിന്നു.
ലോക്സഭാംഗമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യത്തെ ഐഐടി പാലക്കാട് എത്തിച്ചതുള്‍പ്പെടെ സമാനതകളില്ലാത്ത വികസനചരിത്രമാണ് പാലക്കാട് എഴുതിച്ചേര്‍ത്തത്. മികച്ച പാര്‍ലിമെന്‍റേറിയനെന്ന നിലയില്‍ നിരവധി പുരസ്ക്കാരങ്ങള്‍ തേടിയെത്തി.
സംസ്ഥാനം തന്നെ ഉറ്റു നോക്കിയ ശക്തമായ പോരാട്ടത്തില്‍ പത്ത് വര്‍ഷത്തെ യുഡിഎഫിന്‍റെ വിജയ ചരിത്രം തിരുത്തിക്കുറിച്ചാണ് ഇത്തവണ തൃത്താലയില്‍ നിന്ന് എംബി രാജേഷ് ആദ്യമായി നിയമസഭയിലേക്കെത്തിയത്. പാര്‍ലമെന്‍റേറിയനെന്ന നിലയിലുള്ള എംബി രാജേഷിന്‍റെ അനുഭവപാഠങ്ങളും കരുത്തും സംസ്ഥാനത്തിന് നേട്ടമാവുമെന്നുറപ്പാണ്.
കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായ നിനിത കണിച്ചേരിയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നിരഞ്ജനയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയദത്തയുമടങ്ങുന്നതാണ് എംബി രാജേഷിന്റെ കുടുംബം.
Get real time update about this post categories directly on your device, subscribe now.