യുപിയില്‍ ഇപ്പോഴും ആളുകള്‍ അവശേഷിക്കുന്നത് ഈശ്വര കൃപയാലാണ്;രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി വീണ്ടും അലഹബാദ് ഹൈക്കോടതി. ഈശ്വര കൃപയാലാണ് യുപിയിലെ ഗ്രാമങ്ങളിലും ചെറിയ ടൗണുകളിലെയും ആരോഗ്യ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും ആളുകള്‍ അവശേഷിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രിയില്‍ ചികിത്സയിലിരുന്നയാളുടെ മൃതദേഹം അജ്ഞാതനെന്ന പേരില്‍ എഴുതിതള്ളിയ കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ദൈവത്തിന്‍റെ കൃപയാല്‍ മാത്രമാണ് സംസ്ഥാനത്ത് ആളുകള്‍ അവശേഷിക്കുന്നതെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അതിനായി ‘രാം ബറോസ്’ (ദൈവ കൃപയാല്‍) എന്ന ഹിന്ദി വാക്ക് ഉപയോഗിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

ഏപ്രിലില്‍ മീററ്റിലുണ്ടായ സംഭവമാണ് പരാമര്‍ശത്തിന് ആധാരം. ഏപ്രിലില്‍ സന്തോഷ് കുമാര്‍ എന്ന രോഗി മീററ്റിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിശ്രമമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാത്തവരുടെ പട്ടികയിൽ ഉള്‍പ്പെടുത്തുകയായിരുന്നു. രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ അനാസ്ഥയായി സംഭവത്തെ കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മ, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്‍റെതായിരുന്നു നിരീക്ഷണം.

സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ അതി ദുര്‍ബലവും ലോലവും തകര്‍ന്നടിഞ്ഞതുമാണെന്നും കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് അവ മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി. നാലു മാസത്തിനുള്ളിൽ സംസ്ഥാനത്തെ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അഞ്ച് മെഡിക്കൽ കോളേജുകൾ (പ്രയാഗ്രാജ്, ആഗ്ര, കാൺപൂർ, ഗോരഖ്പൂർ, മീററ്റ്) സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ നിലവാരത്തിലേക്ക് ഉയര്‍ത്താനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. 20 ലധികം കിടക്കകളുള്ള ഓരോ നഴ്സിംഗ് ഹോമിലും / ആശുപത്രികളിലും കുറഞ്ഞത് 40 ശതമാനം കിടക്കകളെങ്കിലും തീവ്രപരിചരണ വിഭാഗങ്ങളായിരിക്കണമെന്നും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News