ഫ്രഞ്ച് കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ പോരാട്ടം നാളെ

ഫ്രഞ്ച് കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ പോരാട്ടം നാളെ. എ എസ് മൊണാക്കോയും പി എസ് ജിയും തമ്മില്‍ നാളെ രാത്രി 12:45 നാണ് കലാശപ്പോര്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട നെയ്മര്‍ പി എസ് ജി നിരയിലുണ്ടാകില്ല.

വമ്പന്‍ താരങ്ങള്‍ ഒത്തിരി പേര്‍ ഉണ്ടെങ്കിലും പാരീസ് സെയിന്റ് ജര്‍മന് കാര്യമായ കിരീട നേട്ടങ്ങള്‍ ഒന്നും ഇതേ വരെ ലഭിച്ചിട്ടില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു മടങ്ങിയ പി എസ് ജിക്ക് ഫ്രഞ്ച് ലീഗിലും അത്ര ആശ്വാസ്യകരമല്ല കാര്യങ്ങള്‍. ലില്ലെയാണ് ലീഗില്‍ ഒന്നാമത്.

ഫ്രഞ്ച് കപ്പ് ഫൈനലിലെത്താനായത് മാത്രമാണ് നടപ്പ് സീസണില്‍ മൗറീസിയോ പൊച്ചെട്ടിനോ പരിശീലകനായ പി എസ് ജിയുടെ എടുത്തു പറയാവുന്ന നേട്ടം. എ എസ് മൊണാക്കോയ്ക്ക് എതിരെ ഫൈനലിന് ഒരുങ്ങുമ്പോള്‍ കിലിയന്‍ എംബാപ്പെയുടെ മാസ്മരിക പ്രകടനത്തിലാണ് പി എസ് ജിയുടെ പ്രതീക്ഷ മുഴുവന്‍. 13 തവണ ഫ്രഞ്ച് കപ്പില്‍ ജേതാക്കളായ പി എസ് ജി പതിനാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.

അതേ സമയം ഫ്രഞ്ച് കപ്പില്‍ 5 തവണ ജേതാക്കളായ ചരിത്രം എ എസ് മൊണാക്കോയ്ക്കുണ്ട്. നിക്കോ കൊവാക്കിന്റെ കീഴില്‍ നടപ്പ് സീസണില്‍ ഭേദപ്പെട്ട പ്രകടനമാണ് ക്ലബ്ബ് പുറത്തെടുക്കുന്നത്. മുന്‍ ആഴ്‌സണല്‍ താരം സെസ്‌ക്ക് ഫാബ്രിഗാസാണ് എ എസ് മൊണാക്കോയുടെ സൂപ്പര്‍ താരം. ഫ്രാന്‍സ് നാഷണല്‍ സ്റ്റേഡിയത്തിലാണ് പി എസ് ജി -എ എസ് മൊണാക്കോ ഫൈനല്‍ അരങ്ങേറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here