ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളില്‍ നാളെ യുവന്റ്‌സ് – അറ്റ്‌ലാന്റ കിരീട പോരാട്ടം

ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളില്‍ നാളെ യുവന്റ്‌സ് – അറ്റ്‌ലാന്റ കിരീട പോരാട്ടം. മാപെയി സ്റ്റേഡിയത്തില്‍ നാളെ രാത്രി 12:30 നാണ് മത്സരം.

സീരി എ യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം തുടര്‍ക്കിരീടങ്ങളുമായി ജൈത്രയാത്ര നടത്തിയ യുവന്റ്‌സ് നടപ്പ് സീസണില്‍ ഇന്റര്‍മിലാന് മുന്നില്‍ കിരീടം അടിയറവ് വെക്കേണ്ടി വന്നതിന്റെ നാണക്കേടിലാണ്. ചാമ്പ്യന്‍സ് ലീഗിലും ടീം പുറത്തെടുത്തത് നിലവാരം കെട്ട പ്രകടനം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഒറ്റയാള്‍ പോരാളിയുടെ പ്രകടനം മാത്രമാണ് ഏക ആശ്വാസം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ഡിബാലയും ഇറ്റലിയുടെ ഇതിഹാസ താരം കില്ലീനിയും ഉള്‍പ്പെടെ ഉള്ളവര്‍ ടീമിലുണ്ടെങ്കിലും ടീമിന് നടപ്പ് സീസണ്‍ അത്ര നല്ല സീസണല്ല.

ലീഗില്‍ ഇതിനകം തന്നെ ടീം ഏറ്റുവാങ്ങിയത് അരഡസന്‍ പരാജയങ്ങളാണ്. പരിശീലകന്‍ ആന്ദ്രേ പിര്‍ലോയ്ക്ക് ടീമിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് നേട്ടം മാത്രമാണ് സീസണില്‍ യുവന്റ്‌സിന്റെ എടുത്തുപറയത്തക്ക നേട്ടം. അറ്റ്‌ലാന്റയാണ് ഇറ്റാലിയന്‍ കപ്പിലെ കിരീടപ്പോരില്‍ യുവന്റ്‌സിന് എതിരാളി.

ടൂര്‍ണമെന്റില്‍ 13 തവണയാണ് ടൂറിന്‍ ക്ലബ്ബ് കിരീടമണിഞ്ഞത്. സി.ആര്‍ സെവനും ഡിബാലയും ഫോമിലായാല്‍ യുവന്റ്‌സിന് പേടിക്കാനൊന്നുമില്ല. കൊളംബിയന്‍ താരങ്ങളായ ലൂയിസ് മ്യൂറിയലിന്റെയും ഡുവാന്‍ സപാറ്റയുടെയും ഗോളടി മികവിലാണ് അറ്റ്‌ലാന്റയുടെ വിജയപ്രതീക്ഷ മുഴുവന്‍. സീരി എയിലെ ഗോളടിക്കാരുടെ പട്ടികയില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നില്‍ രണ്ടാമനാണ് ലൂയിസ് മ്യൂറിയല്‍. ഗിയാന്‍ പിയറോ ഗാസ്പറീനിയുടെ പരിശീലന മികവില്‍ ഒത്തൊരുമയുള്ള പ്രകടനമാണ് അറ്റ്‌ലാന്റ പുറത്തെടുക്കുന്നത്.

ഇറ്റാലിയന്‍ കപ്പില്‍ ഒരേ ഒരു തവണ മാത്രമാണ് അറ്റ്‌ലാന്റ കിരീടമണിഞ്ഞത്. 1962ലായിരുന്നു ക്ലബ്ബിന്റെ കിരീട നേട്ടം. ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള കിരീട വിജയമാണ് ക്ലബ്ബിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാര്‍ എസ്.എസ്.സി നാപ്പോളിയാണ്. കിരീടം തിരിച്ചുപിടിക്കാനായി യുവന്റ്‌സും അഭിമാന നേട്ടം നോട്ടമിട്ട് അറ്റ്‌ലാന്റ ബി സിയും കൊമ്പുകോര്‍ക്കുമ്പോള്‍ മാപെയി സ്റ്റേഡിയം വേദിയാവുക ഇതേവരെ കാണാത്ത സൂപ്പര്‍ ത്രില്ലറിനായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News