ADVERTISEMENT
വടകരയ്ക്കടുത്ത് കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി ഗംഭീര സ്‌ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി നിര്‍മ്മിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്ഫോടനം. താല്കാലികമായി നിര്‍മ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി. സ്‌ഫോടന കാരണം വ്യക്തമല്ല.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം.എന്നാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ പൊട്ടിയാല്‍ സ്‌ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോ എന്ന് പ്രദേശത്തുകാര്‍ സംശയിക്കുന്നു. മാത്രമല്ല സ്‌ഫോടന ശേഷം പരിസരമാകെ വെടിമരുന്നിന്റെ മണം ഉണ്ടായതായും സമീപവാസികള്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. അത്യുഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രദാസന്റെ ഇരുനില വീടിനും, മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ചിത്രദാസന്റെ സഹോദരന്‍ സുനിലിന് ജാലകത്തിന്റെ ചില്ല് തെറിച്ച് മുറിവുകള്‍ പറ്റിയതിനാല്‍
ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനായി. സ്‌ഫോടനം നടക്കുമ്പോള്‍ ചിത്രദാസനും കുടുംബവും വീടിനകത്തുള്ളതായി പറയപ്പെടുന്നു. സംഭവ സ്ഥലം രാത്രിയില്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. സ്‌ഫോടനം നടന്ന സ്ഥലം പോലീസിന്റെ നിരീക്ഷണത്തിലാണ്.
Get real time update about this post categories directly on your device, subscribe now.