ബാര്‍ജുകളില്‍ നിന്ന് 638 പേരെ രക്ഷിച്ചു; 81പേര്‍ക്കായി തിരച്ചില്‍ തുടരുന്നു, അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളും

മുംബൈയില്‍ ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ അപകടത്തിലായ ബാര്‍ജുകളില്‍ നിന്ന് ഇത് വരെ 638 പേരെ രക്ഷിക്കാനായെന്ന് നാവിക സേന അറിയിച്ചു. നൂറ് കണക്കിനാളുകളാണ് പല ബാര്‍ജുകളിലായി കുടുങ്ങിയത്. 81പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നു. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളുമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത് .

ടൗട്ടെ ചുഴലിക്കാറ്റ് തിങ്കളാഴ്ച ആഞ്ഞടിച്ചതോടെയാണ് മുംബൈ തീരത്ത് ബാര്‍ജുകള്‍ അപകടത്തില്‍പ്പെട്ടത്. നൂറ് കണക്കിനാളുകളാണ് പല ബാര്‍ജുകളിലായി കുടുങ്ങിയത്.

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ഒ എന്‍ ജി സി ബാര്‍ജുകളില്‍ കുടുങ്ങിയ 81പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 638 പേരെയാണ് ഇത് വരെ രക്ഷിക്കാനായത്. രണ്ടു ബാര്‍ജുകളിലുള്ളവരെ മുഴുവന്‍ രക്ഷിച്ചു. അമ്പതോളം പേരെ വ്യോമസേനയാണ് രക്ഷിച്ചത്. 261 ജീവനക്കാരുണ്ടായിരുന്ന മൂന്നാമത്തെ ബാര്‍ജില്‍ നിന്ന് 180 പേരെ രക്ഷിച്ചു. ലൈഫ് ജാക്കറ്റുമായി കടലില്‍ ചാടിയ ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ബാര്‍ജ് പി 350 യില്‍ ഉണ്ടായിരുന്നവരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് ഒ എന്‍ ജി സി ഔദ്യോദിക ട്വിറ്ററിലൂടെ അറിയിച്ചു.

നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളുമാണ് തിരച്ചില്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ടവരില്‍ മലയാളികളുമുണ്ട്. കൊടുങ്കാറ്റിന്റെ ശക്തിയില്‍ വെള്ളം കയറിയതോടെ പി -305 മുങ്ങാന്‍ തുടങ്ങിയെന്നും പിന്നെ കപ്പലിലുണ്ടായിരുന്നവരുടെ ജീവന്‍ മരണ പോരാട്ടമായിരുന്നുവെന്നുമാണ് ഗ്യാസ് കട്ടറായി ജോലി ചെയ്യുന്ന ഹരിയാനയില്‍ നിന്നുള്ള സതീഷ് നര്‍വാള്‍ അനുഭവം പങ്കിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തില്‍ ചാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാവരും പരിഭ്രാന്തരായെന്നു സതീഷ് പറയുന്നു. ചുറ്റും ഇരുട്ടായിരുന്നുവെന്നും ഒന്നും കാണാനില്ലാത്തതിനാല്‍ മരണം മുന്നില്‍ കണ്ടു തന്നെ എല്ലാവരും കടലിലേക്ക് ചാടുകയായിരുന്നുവെന്നും സതീഷ് പറഞ്ഞു. ഏകദേശം 13 മണിക്കൂറോളം നര്‍വാള്‍ വെള്ളത്തിലായിരുന്നു. ”ഞാന്‍ എങ്ങനെ അതിജീവിച്ചുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ,” ഇപ്പോഴും ഭീതി വിട്ടു മാറാതെ നര്‍വാള്‍ പറഞ്ഞു.

ഐ എന്‍ എസ് കൊച്ചി, ഐ എന്‍ എസ് കൊല്‍ക്കത്ത എന്നീ കപ്പലുകളും തെരച്ചിലില്‍ പങ്കാളികളാണ്. ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും കാലാവസ്ഥ മോശമായി തുടരുകയാണ്. ശക്തമായ മഴയ്ക്കൊപ്പം കാറ്റും ആഞ്ഞടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും തിരിച്ചടിയാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News