തുറമുഖം കാക്കാന്‍ ദേവര്‍കോവില്‍

ഐ എന്‍ എല്ലിന് രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ തുറമുഖ- പുരാവസ്തു വകുപ്പ്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കാനാകുന്ന വകുപ്പാണെന്നു അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

കോഴിക്കോട് സൗത്തില്‍ നിന്ന് യു ഡി എഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെ അട്ടിമറിച്ചാണ് ഐ എന്‍ എല്‍ പ്രതിനിധിയായ അഹമ്മദ് ദേവര്‍കോവില്‍ ജയിച്ച് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. 25 വര്‍ഷത്തോളമായുള്ള ഐ എന്‍ എല്ലിന്റെ കാത്തിരിപ്പിന്റെ ഫലമാണ് ഈ മന്ത്രിസ്ഥാനം. ഐ എന്‍ എല്ലിനെ ഇടതുപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച അമരക്കാരനാണ് അഹമ്മദ് ദേവര്‍കോവില്‍.

1994ല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രഥമ രൂപീകരണ കണ്‍വന്‍ഷന്‍ മുതല്‍ ഐ എന്‍ എല്ലിന്റെ ഭാഗമായി. ഐ എന്‍ എല്‍ നാദാപുരം മണ്ഡലം പ്രസിഡന്റും ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ അനുയായിയും സി കെ പി ചെറിയ മമ്മുക്കേയിയുടെയും പി എം അബൂബക്കറിന്റെയും ശിഷ്യനുമാണ് 61കാരനായ ഇദ്ദേഹം. 1977 ല്‍ കുറ്റ്യാടി ഹൈസ്‌കൂള്‍ ലീഡറിലൂടെ തുടങ്ങിയതാണ് രാഷ്ട്രീയ ജീവിതം. എം എസ് എഫ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്, വടകര താലൂക്ക് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. അടിയന്തരാവസ്ഥയില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു.

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നു. മെഡിക്കല്‍ കോളേജ് ആസ്ഥാനമായുള്ള മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് (എം എം സി ടി) സ്ഥാപക ചെയര്‍മാനുമാണ്.
സരോവരം ഗ്രീന്‍ എക്‌സ്പ്രസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ഗവ. അംഗീകൃത ഹജ്ജ് ഉംറ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News