കെ രാജൻ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും

രണ്ടാം പിണറായി മന്ത്രി സഭയിൽ കെ രാജൻ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യും .ഒല്ലൂർ മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് കെ.രാജൻ മന്ത്രിയാകുന്നത്. ഇതുവരെ രണ്ടു തവണ ആരെയും വാഴിച്ചിട്ടില്ലാത്ത ഒല്ലൂർ നിയോജക മണ്ഡലത്തിൽ ആദ്യമായാണ് രണ്ടാം കുറി കെ.രാജൻ വിജയിച്ചത്.15ാം നിയമസഭയിൽ കെ രാജൻ മന്ത്രിയാകുമ്പോൾ ഒല്ലൂരുകാർക്കിത് ഇരട്ടി മധുരം.

വിപ്ലവ സ്മരണകളിരമ്പുന്ന അന്തിക്കാടിൻ്റെ മണ്ണിൽ ജനിച്ച കെ.രാജൻ. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിൻ്റെ കനൽവഴികളിലൂടെ കടന്നു വന്ന യുവജന പോരാളിയാണ്. എ.ഐ.എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി, നിലവിലെ എഐ.വൈ.എഫ് ദേശീയ സെക്രട്ടറി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങി സംഘടനാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യം.

എന്നും അനീതിക്കെതിരെയുള്ള ഉറച്ച ശബ്ദമായി സമരമുഖങ്ങളിൽ കെ.രാജൻ ഉണ്ട്. ‘വിദ്യാഭ്യാസ കച്ചവടം, പെൻഷൻ പ്രായവർധന, വൈദ്യുത നിരക്ക് വർധന, സോളാർ തട്ടിപ്പ്, ബാർ കോഴ എന്നീ വിഷയങ്ങളിലെ വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം വഹിച്ചു. സമര മുഖങ്ങളിൽ നിരവധി തവണ പൊലീസിൻ്റെ ക്രൂര മർദനമേറ്റു വാങ്ങി. നാല് തവണ ജയിൽ വാസവും അനുഭവിച്ചു.

അന്തിക്കാട് പുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി മേനോൻ്റെയും രമണിയുടേയും മൂത്ത മകനായാണ് ജനനം. അന്തിക്കാട് ഗവ എൽ.പി സ്കൂളിലും ഹൈസ്കൂളിലുമായി പ്രാഥമിക പഠനം പൂർത്തിയാക്കി. പിന്നീട് തൃശ്ശൂർ കേരളവർമ്മ കോളേജിലും ശക്തൻ തമ്പുരാൻ കോളേജിലുമായി ബിരുദ പഠനം. ഈ കാലത്താണ് എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും നിയമബിരുദം നേടിയ അദ്ദേഹം തൃശ്ശൂർ കോടതിയിൽ അഭിഭാഷകവൃത്തി ആരംഭിച്ചെങ്കിലും പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News