ജി ആര്‍ അനിലിന് ഭക്ഷ്യവകുപ്പ്

രണ്ടാം പിണറായി മന്ത്രി സഭയിൽ അഡ്വ. ജി ആര്‍ അനിൽ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനത്തേക്കെത്തുന്ന അഡ്വ. ജി ആര്‍ അനില്‍ നെടുമങ്ങാട് എംഎല്‍എയാണ് .സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. ജില്ലയിലെ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതാവുകൂടിയാണ്.

എഐഎസ്എഫിലൂടെ പൊതുരംഗത്തേക്ക് എത്തി. എഐഎസ്എഫ്-എഐവൈഎഫ്-കിസാന്‍സഭ എന്നീ സംഘടനകളുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔഷധി ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായി പ്രവര്‍ത്തിക്കുന്ന ജി ആര്‍ അനില്‍ ഹാന്റക്‌സിന്റെ ഡയറക്ടറായും കൈത്തറി – ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടുക്കാട് സാല്‍വേഷന്‍ ആര്‍മി എല്‍ പി സ്‌കൂളിലും കൃഷ്ണപുരം യുപിഎസിലും എസ്എംവി ഹൈസ്‌കൂളിലും എം ജി കോളജില്‍ പ്രീഡിഗ്രിയും യൂണിവേഴ്‌സിറ്റി കോളജില്‍ ബി എ പൊളിറ്റിക്‌സ് ബിരുദവും ലോ അക്കാദമി ലോ കോളജില്‍ നിന്ന് എല്‍എല്‍ബി ബിരുദവും നേടിയുണ്ട്. വിദ്യാര്‍ത്ഥി-യുവജന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിരവധി സമരങ്ങളില്‍ പങ്കെടുത്ത് പലതവണ പൊലീസ് മര്‍ദ്ദനവും മൂന്നുതവണ ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്.

പത്തുവര്‍ഷക്കാലം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയിരുന്നു. അഞ്ച് വര്‍ഷം ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. ഏറ്റവും നല്ല കൗണ്‍സിലര്‍ക്കുള്ള എസിവി ചാനലിന്റെ സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹനായി. തിരുവനന്തപുരം കൈമനത്താണ് താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here