പി പ്രസാദിന് കൃഷി വകുപ്പ്

രണ്ടാം പിണറായി മന്ത്രിസഭയിൽ പി പ്രസാദ് കൃഷി വകുപ്പ് കൈകാര്യം ചെയ്യും. എഐഎസ്‌എഫിലൂടെ പൊതുരംഗത്തെത്തിയ പി പ്രസാദ് പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധേയനാണ്.

ആലപ്പു‍ഴ ജില്ലയിലെ നൂറനാട് സ്വദേശിയായ പി പ്രസാദ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് കാലെടുത്ത് വെച്ചത്. എ ഐ എസ് എഫിൻറെ സംസ്ഥാന പ്രസിഡൻറെും സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായിരുന്നു.

നിരവധി വിദ്യാർഥി യുവജന സമരങ്ങളെ മുന്നിൽനിന്ന്‌ നയിച്ച പി പ്രസാദ്‌ ഒട്ടേറെ തവണ മൃഗീയമായ പൊലീസ്‌ മർദനത്തിന്‌ ഇരയായി. ജയിൽവാസവും അനുഭവിച്ചു.ഒട്ടേറെ പരിസ്ഥിതി സമരങ്ങൾക്ക്‌
നേതൃത്വം നല്കി.

പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെയും ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെയും ആലപ്പു‍ഴയിലെ കരിമണൽ ഖനനത്തിനെതിരെയും നടന്ന സമരങ്ങളുടെ നേതൃനിരയിൽ പ്രസാദുമുണ്ടായിരുന്നു. വന്ദന ശിവ, മേധാപട്‌കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ഒട്ടേറെ സമരങ്ങളിൽ പി പ്രസാദും പങ്കാളിയായി.

ഹരിത രാഷ്രീയത്തിന് വേറിട്ട ഭാവുകത്വം നല്കിയ പ്രസാദ് യുവജനങ്ങളെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതിൽ വലിയ ഇടപെടലുകളാണ് നടത്തിയത്. കേരള ഹൗസിംഗ് ബോർഡിൻറെ ചെയർമാൻ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായി.ഇത്തവണ ചേർത്തല മണ്ഡലത്തിൽ നിന്നാണ് പ്രസാദ് തെരഞ്ഞെടുക്കപ്പെട്ടത്.

പരിസ്ഥിതി സംരക്ഷണത്തിന് കൂടി ഊന്നൽ നല്കിക്കൊണ്ടുളള വികസന പദ്ധതികൾ കേരളം തയ്യാറാക്കുന്ന ഘട്ടത്തിൽ 2ാം എൽ ഡി എഫ് മന്ത്രിസഭയിലെ പ്രസാദിൻറെ സാന്നിധ്യം ശ്രദ്ധേയമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here