പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് വി ഡി സതീശനെ പിന്തുണച്ച് കോൺഗ്രസിലെ ഭൂരിഭാഗം എം എൽ എ മാരും

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കോൺഗ്രസിലെ ഭൂരിഭാഗം എം എൽ എ മാരും. ആകെയുള്ള 21 എം എൽ എ മാരിൽ 12 പേർ വി ഡി സതീശനെ പിന്തുണയ്ക്കുന്നു. രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിൻ്റെത് അടക്കം 7 പേരുടെ പിന്തുണ .തിരുവഞ്ചൂരും , പി റ്റി തോമസും അവരെ പ്രതിപക്ഷ നേതാവ് ആക്കണം എന്ന് ആവശ്യപ്പെട്ടു. ഹൈക്കമാൻഡ് നിരീക്ഷകരോട് ആണ് എം എൽ എ മാർ തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്തിയത്.

പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എം എൽ എ മാരുടെ മനസ് അറിയാൻ എത്തിയ ഹൈക്കമാൻഡ് പ്രതിനിധികളോടാണ് എം എല്‍ എ മാർ മനസ് അറിയിച്ചത്.എം എല്‍ എമാരെ ഒറ്റക്ക് ഒറ്റക്ക് കണ്ട ഹൈക്കമാൻഡ് പ്രതിനിധികൾ ആയ മല്ലിഖാർജുന ഖാർഗേ ,വൈദ്യലിംഗം എന്നിവർക്ക് മുന്നിലാണ് ഗ്രൂപ്പ് വ്യത്യാസം ഇല്ലാതെ കോൺഗ്രസ് എം എൽ എ മാർ അഭിപ്രായം തുറന്നടിച്ചത്.

ആകെയുള്ള 21 എം എൽ എ മാരിൽ പതിനൊന്ന് പേർ സതീശനെ പിന്തുണച്ചു .ഒരാൾ സതീശൻ വരുന്നതിൽ എതിർപ്പ് ഇല്ലെങ്കിലും , താൻ രമേശ് ചെന്നിത്തലയെ ആണ് നേതാവ് ആയി കാണുന്നത് എന്ന് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിൻ്റെ അടക്കം 7 പേരുടെ പിന്തുണയാണ് ലഭിച്ചത് .

ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തലയുടെ പേരിനെ പിൻതാങ്ങി. തിരുവഞ്ചൂർ , പി റ്റി തോമസ് എന്നിവർ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സ്വന്തം പേര് നിർദ്ദേശിച്ചു .പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച എം എൽ എ മാരുടെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് മല്ലിയാർജുന ഖാർഗേ , വൈദ്യലിംഗം എന്നിവർ സോണിയാ ഗാന്ധിക്ക് കൈമാറി.

എ ഗ്രൂപ്പിലെയും ,ഐ ഗ്രൂപ്പിലേയും എം എൽ എ മാർ വി.ഡി. സതീശൻ്റെ പേര് പറഞ്ഞത് ഇരു ഗ്രൂപ്പുകളെയും ഞെട്ടിച്ചിട്ടുണ്ട്. സ്വന്തം ആളുകൾ എന്ന് കരുതിയ ചിലർ സതീശൻ്റെ പേര് പറഞ്ഞത് ഐ ഗ്രൂപ്പിൽ വലിയ ആഘാതം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ ചിലർ എ ഗ്രൂപ്പ് നിർദ്ദേശം അവഗണിച്ച് സതീശൻ്റെ പേര് പറഞ്ഞത് എ ഗ്രൂപ്പ് വൃത്തങ്ങളിലും ചലനങ്ങൾ ഉണ്ടാക്കിട്ടുണ്ട്.  സതീശന് വേണ്ടി ചരട് വലി നടത്തിയത് കെ.സി വേണുഗോപാലും , കെ സുധാകരനും ചേർന്നാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

കേരളത്തിലെ ഗ്രൂപ്പ് സമവായങ്ങളെ പരിപൂർണ്ണമായും അട്ടിമറിക്കുന്ന നിർണ്ണായക നീക്കം രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയാവും. എം എൽ എ മാരുടെ ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയെ പാർട്ടി നേതാവ് ആയി അടിച്ചേൽപ്പിച്ചാൽ ആ തീരുമാനത്തോട് പുതിയ കൂറ് മുന്നണി എങ്ങനെ പ്രതികരിക്കും എന്നത് നിർണ്ണായകമായ ചോദ്യം ആണ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൽ ഹൈക്കമാൻഡിനും അത്രയെളുപ്പം ആവില്ലെന്ന സൂചനയാണ് കോൺഗ്രസ് ക്യാമ്പ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here