ADVERTISEMENT
ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതു മുതലെടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആധുനിക രീതിയിൽ വാറ്റ് കേന്ദ്രം സെറ്റ് ചെയ്തു വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയ വാറ്റ് കേന്ദ്രം, കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്ന് റെയ്ഡ് ചെയ്തു.
കല്ലും താഴം കുറ്റിച്ചിറ റോഡിന്റെ വശത്തുള്ള ആൾ താമസമില്ലാത്ത വീടിന്റെ പിറക് വശം കാട് പിടിച്ചു കിടക്കുന്ന ഭാഗത്ത് വച്ച് പകൽ സമയത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ചു വൻതോതിൽ നാല് പേർ ചേർന്ന് ചാരായം വാറ്റി വൻ തോതിൽ വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ചെയ്ത് പിടികൂടിയത്.
എന്നാൽ എക്സൈസ് പാർട്ടി എത്തുന്നത് കണ്ട വ്യാജ വാറ്റു സംഘം രക്ഷപ്പെട്ടു. വാറ്റുകാരെ പിടികൂടുവാൻ കഴിഞ്ഞില്ല. ഇരുമ്പ് ഡ്രമ്മിൽ പ്രത്യേക രീതിയിൽ വാൽവ് ഘടിപ്പിച്ചു അതിൽ കൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിച്ചു ഗ്യാസ് അടുപ്പ് ഉപയോഗിച്ചു ചൂടാക്കി കോപ്പർ കോയിലു വഴി കടത്തിവിട്ടാണ് ചാരായം വാറ്റി കൊണ്ടിരുന്നത്. 500 ലിറ്ററിന്റെ സിന്തറ്റിക് ടാങ്ക് 200 ലിറ്ററിന്റെ ബാരൽ എന്നിവയിൽ നിറയെ കോട കലക്കിയ നിലയിൽ കണ്ടെത്തി.
100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മിൽ 50 ലിറ്റർ കോടയും 35ലിറ്റർ ചാരായവും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. സമീപ പ്രദേശത്തുള്ള നാല് പേർ ചേർന്നാണ് ചാരായം വാറ്റിയതെന്നാണ് സൂചന. ഒരു ലിറ്റർ ചാരായം 3000 രൂപാ നിരക്കിലാണ് വില്പന നടത്തി വന്നിരുന്നതും എന്ന് വിവരം ലഭിച്ചു. ചാരായം വാങ്ങാൻ നിരവധി ആളുകൾ എത്തിയിരുന്നതായും എക്സൈസ് പറഞ്ഞു. കോട വേഗം പാകം ആകാൻ വേണ്ടി കോടയിൽ അമോണിയ ചേർത്തിരുന്നതായും കണ്ടെത്തി. മഴയത്തും വാറ്റൻ പ്രത്യേകം ഷെഡ് നിർമ്മിച്ചിരുന്നു.
ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞു കിടക്കുന്നതിനാൽ വ്യാജ മദ്യ ഉദ്പാദനം വർദ്ധിക്കുവാൻ സാധ്യതയുണ്ടെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്രോളിംഗ് ശക്തമാക്കി. ലോക്ഡൗൺ ആരംഭിച്ചതിനു ശേഷം നിരവധി വാറ്റ് കേസ്സുകൾ രജിസ്റ്റർ ചെയ്തു.ചാരായം വാറ്റ് ലഹരി വ്യാപാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ 9400069439, 9400069440 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാവുന്നതാണ് വിവരം നൽകുന്ന വ്യക്തികളുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
Get real time update about this post categories directly on your device, subscribe now.