ശൈലജ ടീച്ചറിനെ മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കിയതിനെയും, കെ.ആര്‍. ഗൗരിക്ക് മുഖ്യമന്ത്രി പദം ലഭിക്കാതെ പോയതിനെയും തുലനപ്പെടുത്തുന്നത് രാഷ്ട്രീയ നിരക്ഷരതയാണ് : ബി ഉണ്ണികൃഷ്ണൻ

കെ.കെ. ശൈലജയെ ഇരവത്കരിക്കുന്ന ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത് എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.ശൈലജ ടീച്ചറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെയും, കെ.ആര്‍. ഗൗരിക്ക് മുഖ്യമന്ത്രി പദം ലഭിക്കാതെ പോയതിനെയും തുലനപ്പെടുത്തുന്നത്, തീര്‍ത്തും വ്യത്യസ്തമായ രണ്ട് ചരിത്ര സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും സമാസമം എന്ന് കരുതുന്നത് രാഷ്ട്രീയ നിരക്ഷരതയാണ് എന്നും ബി ഉണ്ണികൃഷ്ണൻ .

കേരളം കണ്ട ഏറ്റവും മികച്ച ആരോഗ്യമന്ത്രിമാരിൽ ഒരാളെ കുറിച്ച് പറഞ്ഞ് തുടങ്ങാം. വനിതയാണ്. അവരുടെ ഭരണകാലത്ത് ആരോഗ്യരംഗത്ത് നടന്ന വിപ്ലവകരമായ ചില പ്രവർത്തനങ്ങൾ :

1. കേരള സാമൂഹിക സുരക്ഷാ മിഷൻ രൂപവത്ക്കരണം. സമാനതകളില്ലാത്ത വയോമിഷൻ പദ്ധതി. വയോജന നയം തന്നെ രൂപീകരിക്കപ്പെട്ടു.

2. സർക്കാർ ആശുപത്രികളുടെ ആധുനികവത്കരണവും നവീകരണവും. എറണാകുളത്തെയും തൈക്കാട്ടെയും ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾ ഏറ്റവും ആധുനികമായി മാറി.

3. ജനറൽ ആശുപത്രികൾക്ക് ഇന്ത്യയിൽ ആദ്യമായി NABH അക്രഡിറ്റേഷൻ.

4. സ്റ്റേറ്റ് റിസർച്ച് ബോർഡിന്റെ രൂപീകരണം.

5. മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിർത്തലാക്കി.

6. എൻഡോസൾഫാൻ പാക്കേജ് എന്ന സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ആരോഗ്യപദ്ധതി.

7. 108 എമർജൻസി ആംബുലൻസ് സംവിധാനം.

8. ആലപ്പുഴയിലെ NIV ലാബ്.

9.ഭക്ഷ്യ സുരക്ഷാ കമ്മീഷൻ.

എന്റെ അറിവിലും ഓർമ്മയിലും ഉള്ളതാണ് കുറിച്ചത് ഇനിയുമുണ്ട് പറയാൻ ഒരുപാട് നേട്ടങ്ങൾ.

ചിക്കൻ ഗുനിയയെയും, H1N1 -നെയും, ഡെങ്കിയെയും ഏറ്റവും ഫലപ്രദമായി നമ്മുടെ ആരോഗ്യമേഖല നേരിട്ടപ്പോൾ, അമരത്ത് ഈ വനിതയായിരുന്നു.

അവർക്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ മന്ത്രിക്കുള്ള ബഹുമതി കിട്ടിയിട്ടുണ്ട്. അവരുടെ പേരിനൊപ്പവും ‘ടീച്ചർ’ ഉണ്ട്. അതെ, ശ്രീമതി ടീച്ചർ.

പക്ഷേ, അവരുടെ ടേം കഴിഞ്ഞപ്പോൾ, പാർട്ടി അവർക്ക് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം കൊടുത്തില്ല. എല്ലാവർക്കും അതൊരു സാധാരണ പാർട്ടി തീരുമാനമായിരുന്നു. അവരെ ആരും ആഘോഷിച്ചില്ല, പ്രകീർത്തിച്ചില്ല. സാമൂഹിക മാധ്യമങ്ങൾ ആകെ ചെയ്‌തത്‌, അവർ പിന്നീട് എപ്പോഴോ നടത്തിയ ആംഗലഭാഷയിലുള്ള പ്രസംഗത്തെ ക്രൂരമായി ട്രോൾ ചെയ്‌തു എന്നതാണ്. ആ ട്രോളുകൾ എത്രമേൽ നിന്ദ്യവും സഹതാപാർഹവുമായ കൊളോണിയൽ വിധേയത്വത്തെയാണ് വെളിപ്പെടുത്തുന്നത് ! ‘Chaste English’ എന്ന പ്രയോഗത്തേക്കാൾ വലിയൊരു ഇംപീരിയലിസ്റ്റ് പ്രത്യയശാസ്ത്ര നിർമിതി വേറെ എന്താണുള്ളത് ?

നേരത്തെ അക്കമിട്ടു പറഞ്ഞ നേട്ടങ്ങളിൽ നിന്ന്, ശ്രീമതി ടീച്ചറിന്റെ ഭരണകാലത്ത്, ആരോഗ്യ രംഗത്ത് വിപ്ലവകരമായ, paradigm shift എന്ന് പോലും വിശേഷിപ്പിക്കാവുന്ന, മാറ്റങ്ങളാണ് ഉണ്ടായതെന്ന് വ്യക്തം.

എന്നാൽ, അതൊക്കെയും അവരുടെ വ്യക്തിപരമായ ഭരണമികവായി കാണാൻ കേരളത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് ധാരണയുള്ള ഒരാൾക്കും കഴിയില്ല. ആ ചരിത്രം പുകൾപെറ്റ കേരള മോഡലിന്റെ ചരിത്രമാണ്. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലം മുതൽ പൊതുജനാരോഗ്യത്തെ സാമൂഹിക സുരക്ഷയുടേയും ക്ഷേമത്തിന്റേയും ആധാരശിലയായി കണ്ടാണ് നയങ്ങൾ രൂപപ്പെടുത്തിയത്. അങ്ങനെ, ദശാബ്‌ദങ്ങളിലൂടെ രൂപപ്പെട്ട ആരോഗ്യനയം, അങ്ങേയറ്റം പ്രതിബദ്ധതയുള്ള ആരോഗ്യ പ്രവർത്തകർ, ആരോഗ്യ സംവിധാനങ്ങൾ, ആരോഗ്യകാര്യങ്ങളിലുള്ള പൊതു അവബോധം തുടങ്ങിയ ഒട്ടുമിക്കവാറും എല്ലാ ഘടകങ്ങളും “already in place ” എന്നു പറയാവുന്ന നിലയാണ് കേരളത്തിന്റേത്.

അങ്ങിനെ കാണുമ്പോൾ, പൊതുജനാരോഗ്യത്തെ സംബന്ധിക്കുന്ന പുരോഗമന വീക്ഷണവും, ജനങ്ങളോട് കറകളഞ്ഞ പ്രതിബദ്ധതയും പുലർത്തുന്ന ഏതൊരാൾക്കും ആരോഗ്യമന്ത്രിയായി മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയും. അത്രയ്ക്ക് ശക്തമായ ഒരു അടിസ്ഥാനത്തിൽ നിന്നു കൊണ്ട് പരമാവധി ‘out put’ നൽകിയ ആരോഗ്യമന്ത്രിയായിരുന്നു ശ്രീമതി ടീച്ചർ. അവർ ഒട്ടുമേ ഗ്ലോറിഫൈ ചെയ്യപ്പെട്ടില്ല. അതിന് കൃത്യമായ സാമൂഹിക കാരണങ്ങളുമുണ്ട്.

ഇനി ശൈലജ ടീച്ചറിലേക്ക്

അവര്‍ അതിഗംഭീരമായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് അവരെ പ്രാപ്തയാക്കിയത് മുന്‍പ് സൂചിപ്പിച്ച ഘടകങ്ങളും ചരിത്രവുമാണെന്നതിനു സംശയമില്ല.

നിപ്പയും കോവിഡും കേരളത്തെ ഗ്രസിച്ചപ്പോള്‍ ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയായി. അതിലും സംശയമില്ല. ആരും പതറിപോവുന്ന സാഹചര്യങ്ങളില്‍ പോലും, അവര്‍ വിവേകത്തോടെ, ശാസ്ത്ര ബോധത്തോടെ, സൂക്ഷ്മതയോടെ, സ്നേഹത്തോടെ, കാരുണ്യത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. അവരുടെ ചിരിക്കുന്ന മുഖം സാന്ത്വനമായി. അവര്‍ ടീച്ചറമ്മയായി. സമാനതകളില്ലാത്ത മഹാമാരിയെ ഫലപ്രദമായി നേരിട്ട ആരോഗ്യ മന്ത്രി എന്ന നിലയില്‍ ടീച്ചര്‍ക്ക് ഒട്ടനവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഈ മികവ് ഒരു ടീം വര്‍ക്കിന്റെതാണെന്നും. നേരത്തെ സൂചിപ്പിച്ച ചരിത്രത്തിന്റെ പിന്‍ബലത്തിലാണെന്നും ആരേക്കാളും നന്നായി ശൈലജ ടീച്ചറിനറിയാം. ഇവിടെയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസക്തി

ഇന്നലെ ഒരു കോളമിസ്റ്റ് വികാരപരവശനായി എഴുതിയത്, കോവിഡ് കാലത്തെ പത്രസമ്മേളനങ്ങൾ ടീച്ചറിൽ നിന്ന് മുഖ്യമന്ത്രി ഏറ്റെടുത്തത് തന്നെ ടീച്ചറിനെ വെട്ടി നിരത്തുന്നതിന്റെ സൂചന ആയിരുന്നെന്നാണ്. മഹാമാരി നമ്മുടെ നിലനിൽപിനും സാമൂഹിക-സാമ്പത്തിക ഘടനയ്ക്കും ഭീഷണി ആയപ്പോൾ, അതിനെ സ്ഥൂല- സൂക്ഷ്‌മ തലങ്ങളിൽ നേരിടാൻ വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്ന് ആർക്കാണറിയാത്തത് ; ധനം, ആഭ്യന്തരം, റെവന്യൂ, സിവിൽ സപ്ലൈ, ഭക്ഷ്യം, കൃഷി, തദ്ദേശസ്വയംഭരണം എന്നിങ്ങനെ എല്ലാ വകുപ്പുകളേയും സമർഥമായി, കാർക്കശ്യത്തോടെ, കണിശമായി ഏകോപിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ, പത്രസമ്മേളനങ്ങളിലൂടെ ജനങ്ങളോടെ സംസാരിച്ചത്. അദ്ദേഹത്തിനൊപ്പം ശൈലജ ടീച്ചറും, റെവന്യൂ വകുപ്പ് മന്ത്രി ചന്ദ്രശേഖരനും സന്നിഹിതരായതിൽ നിന്ന് തന്നെ, ആ ഏകോപനത്തിന്റെ വ്യാപ്‌തി വ്യക്തമാണ്.

മഹാമാരി സൃഷ്‌ടിച്ച പൊതു അരക്ഷിതാബോധം വളരെ വലുതായിരുന്നു. ആ സെനെറിയോവിൽ, “നിങ്ങൾ ധൈര്യമായിരിക്കൂ, നിങ്ങളെ ഞങ്ങൾ കാക്കുമെന്ന് ” പറയുന്ന ഒരു മുഖ്യമന്ത്രി. “ഒരൊറ്റയാളും പട്ടിണി കിടക്കരുത്” എന്ന് ആവർത്തിച്ചു പറയുകയും, ഭക്ഷണ കിറ്റുകളും ക്ഷേമ പെൻഷനുകളും വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്‌ത പിണറായി വിജയൻ, ഇന്നു വരെ കേരളത്തിന്റെ ഒരു ഭരണാധികാരിക്കും സാധ്യമാവാത്ത വിധം ആഴത്തിൽ, മലയാളികളുടെ ഈഡിപ്പൽ സൈക്കിയെ സ്പർശിച്ചു. ആലംബമറ്റു നിന്ന സാധാരണ ജനതയുടെ മുന്നിൽ, പിണറായി വിജയൻ ഒരു രക്ഷാകർതൃ ബിംബമായി പരിണമിച്ചു. എല്ലാവരുടേയും സംരക്ഷകനായ, മുൻകോപത്തിൽ കരുണ ഒളിപ്പിക്കുന്ന, പറഞ്ഞതു ചെയ്യുന്ന, തികച്ചും ആദിമമായ ഒരു പാട്രിയാർക്കിന്റെ പ്രതീകാത്മകതയിലേക്ക് മുഖ്യമന്ത്രി പ്രവേശിച്ചു. ഒപ്പം, കാര്യക്ഷമതയുടേയും, കരുത്തിന്റെയും, സൗമ്യഭാഷണത്തിന്റെയും, വാത്സല്യത്തിന്റെയും രൂപകങ്ങൾക്കുള്ളിൽ ഒരു മാതൃ രൂപവും നിർമിക്കപ്പെട്ടു: ടീച്ചറമ്മ. ഇടതു ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിശ്ചയമായും ഈ ഈഡിപ്പൽ ഡൈനാമിക്‌സ്, ഈ Patriarch / Captain -Mother ദ്വന്ദ്വം വലിയൊരു ചാലകശക്തിയായിരുന്നു.

ഇന്നലെ ശൈലജ ടീച്ചര്‍ മന്ത്രിസഭയിലില്ല എന്നറിഞ്ഞപ്പോള്‍ ഒട്ടനവധി ആളുകള്‍ വികാരാധീനരായത് ഈ മാതൃനഷ്ടത്തിലാണ്. ലക്ഷണമൊത്ത ഒരു ഈഡിപ്പൽ റെസ്പോൺസ്. എന്നാല്‍, ഇത്തരം അതിവൈകാരികതകളില്‍ നിന്നും വ്യക്തി ബിംബാരാധനകളില്‍ നിന്നും മാറി നിന്നു നോക്കിയാല്‍, ഇപ്പോളുയരുന്ന വിമര്‍ശനങ്ങളില്‍ പലതിലും കഴമ്പില്ല എന്നു കാണാം. പാര്‍ലമെന്ററി രംഗത്ത് നിന്ന് ഒരുവട്ടം മാറ്റി നിര്‍ത്തപ്പെട്ടാലുടന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു പ്രധാന നേതാവിന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാവുമോ ? മന്ത്രിയായി മാത്രമേ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയ്ക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുകയുള്ളോ ? മറ്റു ചിലര്‍ പറയുന്നു അവര്‍ പെണ്ണായതിനാല്‍ ഒഴിവാക്കപ്പെട്ടുവെന്ന്. `ഭാവി മുഖ്യമന്ത്രി`യായി അവരെ groom ചെയ്തെടുക്കണമായിരുന്നു അത്രെ.

എപ്രകാരമാണ് ഈ grooming സംഭവിക്കുന്നത് ? ജനങ്ങള്‍ക്കിടയില്‍ അവരിലൊരാളായി പ്രവര്‍ത്തിച്ച്. അങ്ങനെയെങ്കിൽ, ശൈലജ ടീച്ചറുടെയും മറ്റനേകരുടെയും ഗ്രൂമിങ് എന്നേ തുടങ്ങിയതാണ്. പിന്നെ, ശൈലജ ടീച്ചറിനെ മന്ത്രി സഭയില്‍ നിന്ന് ഒഴിവാക്കിയതിനെയും, കെ.ആര്‍. ഗൗരിക്ക് മുഖ്യമന്ത്രി പദം ലഭിക്കാതെ പോയതിനെയും തുലനപ്പെടുത്തുന്നത്. തീര്‍ത്തും വ്യത്യസ്തമായ രണ്ട് ചരിത്ര സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും സമാസമം എന്ന് കരുതുന്നത് രാഷ്ട്രീയ നിരക്ഷരതയാണ്. ഇത്തരം സമീകരണങ്ങളുടെ അതിഭാവുകത്വം, കെ.കെ. ശൈലജയെ ഇരവത്കരിക്കുകയാണ് ചെയ്യുന്നത്.

പുതിയ ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു മന്ത്രിസഭ ഗംഭീരമായ തുടക്കമാണ്. ആരോഗ്യ വകുപ്പ് വീണാ ജോര്‍ജിനാണ്. അവര്‍ മികച്ച എംഎല്‍എയും മാധ്യമപ്രവര്‍ത്തകയുമാണ്. തീര്‍ച്ചയായും വീണക്ക് ടീച്ചറിന്റെ തുടര്‍ച്ചയാവാന്‍ കഴിയും. നേരത്തെ പറഞ്ഞപോലെ the system and human resources are in place. ദിശാബോധം നല്‍കാന്‍ ഇടതുപക്ഷ നയങ്ങളും, പിന്തുണയായി മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയും കാര്യക്ഷമതയും ഏകോപന മികവും ഒപ്പമുള്ളപ്പോള്‍ വീണക്ക് അത് സാധിക്കും. സാധിക്കട്ടെ.

(ഒരു മാധ്യമത്തിന് നൽകിയ ലേഖനത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പരാമർശം)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News