മന്ത്രി സ്ഥാനം മരുമകന് സ്ത്രീധനമായി കിട്ടിയതാണെന്ന തരംതാണ കുറിപ്പുകള്‍ക്കൊരു മറുപടി

മുഹമ്മദ് റിയാസിനെ കുറിച്ച് റിയാസിനെ 35 വര്‍ഷത്തോളമായി അറിയുന്ന ആള്‍ എന്ന നിലയില്‍ ചിലത് കുറിക്കുകയാണ് രജീഷ് റഹ്മാൻ. മന്ത്രി സ്ഥാനം മരുമകന് സ്ത്രീധനമായി കിട്ടിയതാണെന്ന തരംതാണ കുറിപ്പുകള്‍ എഴുതുന്നവരോടാണ് രജീഷിന് പറയാനുള്ളത് ..പറയാതെ വയ്യ.

പച്ചമാംസം കടിച്ചു പറിക്കുമ്പോഴുള്ള വേദന തോന്നിയിട്ടുണ്ട് ചില വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്ന് നിയുക്ത മന്ത്രി കൂടിയായ അഡ്വ: പി.എ മുഹമ്മദ് റിയാസ് രാവിലെ ചാനലില്‍ പറയുന്നത് കേട്ടു. റിയാസിനെ 35 വര്‍ഷത്തോളമായി അറിയുന്ന ആള്‍ എന്ന നിലയില്‍ ചിലത് കുറിക്കണമെന്ന് തോന്നി.

മന്ത്രി സ്ഥാനം മരുമകന് സ്ത്രീധനമായി കിട്ടിയതാണെന്ന തരംതാണ കുറിപ്പുകള്‍ ഒരുളുപ്പും കൂടാതെ വീണ്ടും എഴുന്നള്ളിച്ച് വരുന്നത് കണ്ടു. മുഖ്യമന്ത്രിയുടെ മകള്‍ വീണയെ കല്ല്യാണം കഴിക്കുന്നതിന് മുമ്പ് റിയാസ് സിപി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും ഡി വൈഎഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ടും ആണെന്ന വസ്തുത അറിയാഞ്ഞിട്ടല്ല, ചൊറിയുമ്പോള്‍ നല്ല സുഖം കിട്ടണമെങ്കില്‍ ചിലത് മറച്ച് പിടിക്കണം .

മുഖ്യമന്ത്രിയുടെ മകളെ കെട്ടിയതാണോ റിയാസിന്റെ പ്രശ്‌നം , അല്ലെന്ന് വേണം കരുതാന്‍. കാരണം ഈ അസുഖം തുടങ്ങിയത് 2009 മുതലാണ്. റിയാസ് കോഴിക്കോട് നിന്നും പാര്‍ലമെണ്ടിലേക്ക് മത്സരിച്ചപ്പോള്‍ മുതല്‍. മാദ്ധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ മറ്റൊരു യുവജന നേതാവില്ല. എന്തിനാണിത്രെ വിമര്‍ശനം എന്ന് ചോദിച്ചാല്‍. ഒന്നിനുമല്ല, ഒരു സുഖം. റിയാസിനെ നേരിട്ടറിയാത്തവര്‍ പോലും വ്യക്തിപരമായ കാര്യങ്ങളില്‍ വരെ ആധികാരികമായി വിമര്‍ശിക്കും.

ആറാം ക്ലാസ് മുതല്‍ റിയാസിനെ നേരിട്ടറിയാം .കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങുന്നതാണ് ഞങ്ങളുടെ സൗഹൃദം. പിന്നീട് 11 വര്‍ഷം ഫാറുക്ക് കോളേജില്‍ ബിരുദം പൂര്‍ത്തിയാകുന്നത് വരെ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചു, ഒരുമിച്ചു നടന്നു, ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു. സ്‌ക്കൂള്‍ കാലഘട്ടം മുതലേ എസ്എഫ് ഐ നടത്തിയ എല്ലാ സമരങ്ങള്‍ക്കും റിയാസ് മുന്‍പന്തിയിലുണ്ടായിരുന്നു. പല സമരങ്ങളിലും പോലീസ് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു. അന്നത്തെ കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ മകന് ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നു. അതിന്റെ പ്രിവിലേജ് റിയാസ് ഒരു കാലത്തും എടുക്കുന്നത് കണ്ടിട്ടില്ല.

പ്രസ്ഥാനമായിരുന്നു റിയാസിന് എല്ലാം.ഫാറൂക്ക് കോളേജിലെ കോളേജ് കാലഘട്ടവും സമാനമായിരുന്നു. മന്ത്രിയായ റിയാസിനെ ഞങ്ങളുടെ സഹപാഠിയായ സയ്യ്ദ് മുനവ്വറലി തങ്ങള്‍ അഭിനന്ദിച്ചു കണ്ടു. അത് അദ്ദേഹത്തിന്റെ നല്ല മനസ് . എന്നാല്‍ മുനവറലി തങ്ങളുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് 92- 97 കാലഘട്ടത്തില്‍ റിയാസിനെ കണ്ടത് അങ്ങിനെ ആയിരുന്നില്ല. ഒന്നാം വര്‍ഷ പ്രീഡിഗ്രി പ്രതിനിധിയായി റിയാസ് വിജയിച്ചപ്പോള്‍ തന്നെ തങ്ങളുടെ അപ്രമാദിത്വത്തിന് റിയാസ് വെല്ലുവിളിയാകുമെന്ന് ലീഗിന്റെ കുട്ടിപ്പട്ടാളം മനസിലാക്കിരുന്നു. പിന്നീടങ്ങോടുള്ള കാലം പലതവണഎംഎസ്എഫുകാര്‍ റിയാസിനെ കായികമായി നേരിട്ടു. അതൊന്നും ആ പോരാട്ട വീര്യത്തെ തളര്‍ത്തിയില്ല. ഇതിനെയെല്ലാം അതിജീവിച്ച് 97ല്‍ 5 ജനറല്‍ സീറ്റ് നേടി ഫാറുക്ക് കോളേജ് യൂണിയന്‍ പിടിച്ചെടുക്കുന്നത് വരെയെത്തിയതിന് പിന്നില്‍ റിയാസ് എന്ന നേതാവായിരുന്നു. സ്‌ക്കൂളിലെയും കോളേജിലെയും സഹപാഠികളുടെ ഗ്രൂപ്പില്‍ റിയാസ് ഞങ്ങളുടെ പ്രിയപ്പെട്ട സഖാവായി തുടരുന്നത് അത് കൊണ്ടു തന്നെയാണ്. ഒരു കാലത്ത് രാഷ്ട്രീയത്തില്‍ റിയാസിന്റെ എതിര്‍പക്ഷത്ത് നിന്നവര്‍ക്ക് പോലും റിയാസ് ഇന്ന് പ്രിയ സഖാവാണ്.

ബിരുദം കഴിഞ്ഞ് ഞങ്ങളെല്ലാം മറ്റ് വഴികളിലേക്ക തിരഞ്ഞെങ്കിലും സഖാവ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് തെരഞ്ഞെടുത്തത്. തുടര്‍ന്ന് സിപി ഐ എം സംസ്ഥാന കമ്മിറ്റി അംഗം, യുവജന സംഘടനയുടെ അമരക്കാരന്‍ എന്നീ സ്ഥാനത്തെത്തുന്ന വരെയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഖാവ് നിരവധി തവണ പോലീസ് മര്‍ദ്ദനത്തിനിരയായി. ഓരോ സ്ഥാനവും റിയാസിനെ തേടിയത്തെമ്പോളും വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കുറവുണ്ടായില്ല. പവര്‍ത്തന മേഖല അഖിലേന്ത്യാ തലത്തിലേക്ക് മാറിയപ്പോളും കോഴിക്കോട്ടെ ഓട്ടോ തൊഴിലാളികളുടെ നേതാവായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇംഎംഎസിന്റെ പേരിലുള്ള സന്നദ്ധ സംഘടനയുടെ അമരക്കാനാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിന് പുറത്ത് സമരം ചെയ്യ്ത് അറസ്റ്റിലായ എത്രെ യുവജന നേതാക്കള്‍ കേരളത്തിലുണ്ട്.

പ്രവര്‍ത്തനത്തിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമെന്നാണ് ഞങ്ങളുടെ സഖാവ് പറഞ്ഞത്. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും പ്രളയ കെടുതി നേരിടുന്നതിലും റിയാസ് ബേപ്പൂര്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനം മാത്രം മതി, പറയുന്നതിനപ്പുറം പ്രവര്‍ത്തിക്കും എന്ന് മനസ്സിലാക്കാന്‍. അത് കാലം തെളിയിക്കും, മഞ്ഞപ്പിത്തം മാറാത്തവര്‍ അന്നും വിമര്‍ശിച്ചു കൊണ്ടേയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here