മുംബൈ നഗരസഭക്ക് വാക്‌സിൻ നൽകാൻ 3 സ്ഥാപനങ്ങൾ; നേരിട്ട് വാക്‌സിൻ വാങ്ങുന്ന ആദ്യ തദ്ദേശ സ്ഥാപനം

നഗരത്തിലെ വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വിദേശത്തുള്ള കമ്പനികളിൽ നിന്ന് നേരിട്ട് കോവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യുന്നതിന്റെ ഭാഗമായി ബി എം സി ആഗോള ടെൻഡർ ക്ഷണിച്ചിരുന്നു. ഇതിനോട് പ്രതികരിച്ചാണ് ബ്രിട്ടനിലെയും ഇന്ത്യയിലെയിലെയും മൂന്ന് സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിച്ചത്.

റഷ്യയുടെ സ്പുട്‌നിക് വാക്സിൻ നൽകുന്നതിനാണ് മൂന്നു കമ്പനികളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ബി.എം.സി. മുനിസിപ്പൽ കമ്മിഷണർ ഇഖ്ബാൽ സിങ് ഛാഹൽ അറിയിച്ചു. സ്പുട്‌നിക് വാക്സിൻ നിർമിക്കുന്നതിന് മൂന്ന് കമ്പനികൾക്കും അനുമതിയുണ്ട്.

കോവിഡ് രോഗ പ്രതിരോധത്തിനായി ഒരു കോടി ഡോസ് വാക്സിൻ വാങ്ങുന്നതിനു വേണ്ടിയാണ് മുംബൈ നഗരസഭ ആഗോള ടെൻഡർ ക്ഷണിച്ചത്. കോവിഡ് വാക്സിനു വേണ്ടി ആഗോള ടെൻഡർ ക്ഷണിക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് മുംബൈ നഗരസഭ. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പൽ കോർപ്പറേഷൻ കൂടിയാണ് ബി എം സി. ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ.

ബി എം സി നേരിട്ടുവാങ്ങുന്ന ഒരു കോടി ഡോസിനൊപ്പം സർക്കാർ വിഹിതം കൂടി ചേർത്ത് ഒന്നരക്കോടി ഡോസ് ലഭിച്ചാൽ മുംബൈയിൽ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് നഗരസഭ. വാക്സിൻ കിട്ടിയാൽ രണ്ടു മാസത്തിനകം കുത്തിവെപ്പ് പൂർത്തിയാക്കുമെന്നും അതുവഴി കോവിഡിന്റെ മൂന്നാം തരംഗം തടയാൻ കഴിയുമെന്നും ഇഖ്ബാൽ സിങ് ഛാഹൽ പറഞ്ഞു. ടെൻഡർ അംഗീകരിച്ചാൽ മൂന്നാഴ്ചയ്ക്കകം വാക്സിൻ എത്തിക്കണമെന്നാണ് നിബന്ധന. വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം നിർമാതാക്കൾ തന്നെ ഒരുക്കണമെന്നാണ് വ്യവസ്ഥ.

ഇന്ത്യയിൽ ഇപ്പോൾ ഉപയോഗിക്കുന്ന കോവിഷീൽഡിനും കോവാക്സിനും പുറമേ റഷ്യയുടെ സ്പുട്‌നിക് ഉൾപ്പെടെ അംഗീകാരമുള്ള ഏതു വാക്‌സിനും വാങ്ങാൻ നഗരസഭ ഒരുക്കമാണെന്ന് അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ പി. വേലരശു പറഞ്ഞു. ഫൈസർ, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുടെ വാക്സിന് ഇന്ത്യയിൽ അനുമതി ഇത് വരെ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News