വിപ്ലവ ഭൂമിയില്‍ നിന്നും ഗോവിന്ദന്‍മാസ്റ്റര്‍ മന്ത്രിപദത്തില്‍

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ എം വി ഗോവിന്ദൻ തദ്ദേശഭരണം-എക്സൈസ് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണിൽ നിന്നും സി പി ഐ എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന എം വി ഗോവിന്ദൻ അര നൂറ്റാണ്ട് കാലത്തെ പൊതു പ്രവർത്തനത്തിലെ അനുഭ സമ്പത്തുമായാണ് മന്ത്രി പദത്തിൽ എത്തിയത്.

സാധാരണക്കാരനെ അടുത്തറിയുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്ത നേതാവ്.കര്‍ഷക തൊ‍ഴിലാളികള്‍ക്ക് പ്രിയപ്പെട്ടവന്‍, ചുരുക്കപ്പറഞ്ഞാല്‍ ഇതാണ് ഗോവിന്ദന്‍ മാസ്റ്റര്‍.

അടിയന്തരാവസ്ഥയിൽ ഉരുകി തെളിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായ എം വി ഗോവിന്ദൻ പത്ത് വർഷം എം എൽ എന്ന നിലയിൽ പാർലമെൻ്ററി രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭ മണ്ഡലത്തിൽ നിന്നും തിളക്കമാർന്ന വിജയം നേടിയാണ് പതിനഞ്ചാം കേരള നിയമസഭയിൽ എത്തിയത്.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിലെ കാർക്കശ്യം,അതുല്യമായ സംഘാടന പാടവം,നാട്ടുകാർക്കിടയിലെ സൗമ്യ സാന്നിധ്യം. കമ്മ്യൂണിസ്റ്റ് കർഷക പോരാട്ട ഭൂമിയായ മൊറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദൻ എന്ന നേതാവിനെ രൂപപ്പെടുത്തിയത്.
ബാലസംഘത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ എം വി ഗോവിന്ദൻ യുവജന,കർഷക പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്ന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.

ഡി വൈ എഫ് ഐ യുടെ പ്രഥമ സംസ്ഥാന പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി.അടിയന്തരാവസ്ഥക്കാലത്ത് പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പൊലീസ് പീഡനവും നാല് മാസം ജയിൽ വാസം അനുഭവിച്ചു. 1970 ൽ പാർട്ടി അംഗത്വത്തിൽ എത്തിയ എം വി ഗോവിന്ദൻ 1991 ൽ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.2006ൽ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ൽ കേന്ദ്ര കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
1996 മുതൽ 2006 വരെ തളിപ്പറമ്പ് എം എൽ എ യായിരുന്ന ഗോവിന്ദൻ പാർലമെന്ററി രംഗത്തും മികവ് തെളിയിച്ചു.

കണ്ണൂരിലെ മൊറാഴയിൽ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രിൽ 23 ന് ജനിച്ച എം വി ഗോവിന്ദൻ അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്.സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗമായ ഭാര്യ പി കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും ഉൾപ്പെടുന്നതാണ് എം വി ഗോവിന്ദൻ മാസ്റ്ററുടെ കുടുംബം.

മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News