വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില്‍ പര്യടനത്തിന് പോകുമ്പോള്‍ രണ്ട് വയസുള്ള മകനെയും കൂടെക്കൂട്ടാന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ബ്രിട്ടനോട് ആവശ്യപ്പെട്ടു. സാനിയയുടെ ആവശ്യ പ്രകാരമാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.
വിംബിള്‍ഡന്‍, ബിര്‍മിംഗ്ഹാം തുടങ്ങി നാല് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാണ് സാനിയ ബ്രിട്ടനിലേക്ക് പോകുന്നത്. ജൂണ്‍ ആറിന് നോട്ടിങ്ഹാം ഓപണ്‍, 14ന് ബിര്‍മിങ്ഹാം ഓപണ്‍, 20ന് ഈസ്റ്റ്ബോണ്‍ ഓപണ്‍ എന്നീ ടൂര്‍ണമെന്റുകളില്‍ സാനിയ കളിക്കുന്നുണ്ട്. ഇതിനുശേഷം ജൂണ്‍ 28നാണ് വിംബിള്‍ഡന്‍ നടക്കുന്നത്.
ടോക്യോ ഒളിംപിക്സിന്റെ മുന്നോടിയായുള്ള പരിശീലനങ്ങളും ബ്രിട്ടനിലാണ് നടത്തുന്നത്. ഇതിനായി ഒരു മാസത്തോളം ബ്രിട്ടനില്‍ തുടരേണ്ടി വരും.
കൊവിഡിനെ തുടര്‍ന്ന് ബ്രിട്ടന്‍, ഇന്ത്യയില്‍നിന്നുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാനിയയുടെ മകനും കുഞ്ഞിനെ നോക്കുന്നയാള്‍ക്കും വിസ ലഭിച്ചിരുന്നില്ല.
മത്സരത്തിനായി ഒരു മാസത്തോളം നാട്ടില്‍നിന്നു വിട്ടുനില്‍ക്കേണ്ടി വരുന്നതിനാല്‍ മകനെയും കൂടെക്കൂട്ടാതെ കഴിയില്ലെന്ന് സാനിയ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
വിഷയം കായിക മന്ത്രാലയം കത്തു മുഖേന വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ എംബസി വഴി ബ്രിട്ടീഷ് അധികൃതരോട് ഇടപെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകൂടം ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര യുവജന-കായിക മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.
Get real time update about this post categories directly on your device, subscribe now.