എതിരാളികളുടെ പോലും മനസ്സ് കീഴടക്കുന്ന വ്യക്തി പ്രഭാവം മന്ത്രി പി രാജീവ്

വ്യവസായ ,നിയമ വകുപ്പ് മന്ത്രിയായി പി രാജീവ് സത്യപ്രതിജ്ഞ ചെയ്തു. സംഘാടകൻ, പാർലമെൻ്റേറിയൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ, ജൈവകർഷകൻ ഇങ്ങനെ കൈവച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ച ചരിത്രമാണ് പി രാജീവ് എന്ന സിപിഐ (എം) നേതാവിൻ്റെ ജീവിതം. എസ് എഫ് ഐ യിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ രാജീവ്, രാജ്യസഭാ എം പി, ദേശാഭിമാനി ചീഫ് എഡിറ്റർ, വിദ്യാർത്ഥി യുവജന സംഘടനകളുടെ ദേശീയ-സംസ്ഥാന ഭാരവാഹി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.

സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ രാജീവ് കളമശ്ശേരിയിൽ നിന്നും അട്ടിമറി വിജയം നേടിയാണ് നിയമസഭയിൽ എത്തിയത്.പി രാജീവ് എന്ന പൊതുപ്രവർത്തകനെ അടയാളപ്പെടുത്തുമ്പോൾ ഒഴിവാക്കാനാവാത്ത സന്ദർഭങ്ങൾ ഒട്ടേറെയുണ്ട്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിൻ്റെ കനലെരിയുന്ന നാളുകളിലൊന്നിൽ, പൊലീസ് ഭീകരമായി മർദ്ദിച്ച ശേഷം വലിച്ചിഴച്ച് കൊണ്ടുപോവുന്ന ചിത്രമാണ് അതിലൊന്ന്. രണ്ടായിരത്തി പതിനഞ്ചിൽ രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയപ്പോൾ അംഗങ്ങൾ ഒരുക്കിയ യാത്രയയപ്പ് വേളയാണ് മറ്റൊന്ന്.

രാജ്യസഭയിൽ രാജീവ് അനിവാര്യനാണെന്നും ഒരവസരം കൂടി നൽകണമെന്നും കക്ഷി ദേദമന്യേ പ്രമുഖ നേതാക്കൾ സീതാറാം യെച്ചൂരിയോട് അന്ന് ആവശ്യപ്പെട്ടു .ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മായാവതി, ശരത് യാദവ് ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ അന്നത്തെ സഭാപ്രസംഗം, രാജീവെന്ന പാർലമെന്റേറിയന് രാജ്യം നൽകിയ അംഗീകാരമായി ചരിത്രത്തിൽ ഇടം നേടി .

പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും തൻ്റെ പ്രവർത്തന മികവ് കൊണ്ട് എതിരാളികളുടെ പോലും മനസ്സ് കീഴടക്കുന്ന വ്യക്തി പ്രഭാവം, അതാണ് പി രാജീവ് എന്ന പൊതു പ്രവർത്തകൻ്റെ കരുത്ത്.സംഘടനാ പ്രവർത്തനത്തെ ജനക്ഷേമ പ്രവർത്തനത്തിലേക്ക് വഴി തിരിച്ചുവിട്ട പൊതുപ്രവർത്തകൻ, മെട്രോ നഗരത്തെ ജൈവജീവിതത്തിൻ്റെ പച്ചപ്പിലേക്ക് നയിച്ച സംഘാടകൻ, അങ്ങനെ ഒരു പാട് വിശേഷണങ്ങളുണ്ട് ഇദ്ദേഹത്തിന് .

നിലവിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സി പി ഐ എം എറണാകുളം ജില്ലാ സെക്രട്ടറി, എസ് എഫ് ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാ മികവ് തെളിയിച്ചു. മന്ത്രി സ്ഥാനത്തെത്തുന്നതിന് തൊട്ടു മുമ്പ് ദേശാഭിമാനി ചീഫ് എഡിറ്റർ പദവി വഹിച്ചു.

രാജ്യസഭയിലെ സി പി ഐ എം പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ, ചീഫ് വിപ്പ്, സഭയിലെ അഷ്വറൻസ് കമ്മറ്റി ചെയർമാൻ, പാനൽ ഓഫ് ചെയർമാൻസ് എന്നീ പദവികളിലിരുന്ന് മികച്ച പാർലമെന്റേറിയൻ എന്ന അംഗീകാരവും നേടി. രാജ്യത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയിലും പ്രഭാഷണം നടത്തിയിട്ടുണ്ട് .

ഭരണഘടന ചരിത്രവും സംസ്കാരവും, ആഗോളവത്കരണ കാലത്തെ ക്യാമ്പസ്, തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു. മികച്ച എം പി യ്ക്കുള്ള സൻസദ് രത്ന പുരസ്കാരം അടക്കം ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് .

തൃശൂർ ജില്ലയിലെ മേലഡൂർ ആണ് സ്വദേശമെങ്കിലും ദീർഘകാലമായി കളമശ്ശേരിയിലാണ് താമസം. കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രൊഫസറായ ഡോക്ടർ വാണി കേസരിയാണ് ഭാര്യ. വിദ്യാർത്ഥികളായ ഹൃദ്യ, ഹരിത എന്നിവർ മക്കളാണ്. യു ഡി എഫ് മണ്ഡലമായിരുന്ന കളമശ്ശേരി വൻഭൂരിപക്ഷത്തോടെ അട്ടിമറി വിജയം നേടി ആദ്യമായി നിയമസഭയിൽ എത്തിയ രാജീവിന് മന്ത്രി പദവി അർഹതയ്ക്കുള്ള അംഗീകാരമായി.

മന്ത്രി പി രാജീവിന് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News