വ്യത്യസ്ത മേഖലകളില്‍ തിളങ്ങിയ കെ എന്‍ ബാലഗോപാല്‍ ഇനി മന്ത്രിസ്ഥാനത്ത്

കെ എൻ ബാലഗോപാൽ ധനവകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ കെ എൻ ബാലഗോപാൽ മികച്ച സംഘാടകനും പാർലമെൻറേറിയനുമാണ്.സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ പരിസ്ഥിതി സംരക്ഷണ രംഗത്ത് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.

പത്തനാപുരം കലഞ്ഞൂർ സ്വദേശിയായ കെ എൻ ബാലഗോപാൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് സജീവമായി. കോളേജിലെ മാഗസിൻ എഡിറ്റർ മുതൽ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡൻറ് വരെയുളള ചുമതലകൾ നിർവ്വഹിച്ച ബാലഗോപാൽ പലതവണ പൊലീസിൻറേയും എതിരാളികളുടേയും ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി,വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിൻറെ പൊളിറ്റിക്കൽ സെക്രട്ടറി, സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ,കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിരവധി മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ബാലഗോപാൽ നടത്തി.

രാജ്യസഭാംഗം എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് ബാലഗോപാലിനെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കിയത്. ചരക്കുസേവന നികുതി ബിൽ ,ലോക്പാൽ ബിൽ,യൂസർ ഫീ എന്ന പേരിലുള്ള ചൂഷണം, ഫെഡറലിസം , തോട്ടം മേഖലയിലെ പ്രതിസന്ധി, തൊ‍ഴിൽ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ മുൻ നിർത്തി രാജഗോപാൽ രാജ്യ സഭയിൽ നടത്തിയ പ്രസംഗങ്ങൾ സർക്കാരിൻറെ നയരൂപീകരണങ്ങളെ സ്വാധീനിച്ചു.

മികച്ച പാർലമെൻറേറിയനുളള സൻസദ് രത്ന പുരസ്കാരത്തിന് 2016ൽ ബാലഗോപാൽ അർഹനായി.വരൾച്ചയെ നേരിടാനായി കൊല്ലം ജില്ലയിൽ 3 ലക്ഷം മ‍ഴക്കു‍ഴികൾ നിർമ്മിച്ചതും മൺറോതുരുത്തിൽ പ്രകൃതി ദത്ത വീടുകൾ നിർമിച്ചതുമെല്ലാം പരിസ്ഥിതി സംരക്ഷണരംഗത്തെ പുത്തൻ അനുഭവങ്ങളായി.

നിയമസഭയിലേയ്ക്കുളള കന്നിയങ്കത്തിൽ കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് 10,914 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാലഗോപാൽ വിജയിച്ചത് .വ്യത്യസ്ത മേഖലകളിൽ വേറിട്ട പ്രവർത്തനങ്ങൾ കാ‍ഴ്ച്ചവെച്ച ബാലഗോപാൽ മന്ത്രിയാകുമ്പോൾ കേരളത്തിൻറെ പ്രതീക്ഷകൾ ഏറെയാണ്.

മന്ത്രി കെ എന്‍ ബാലഗോപാലിന് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News