എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം അതാണ് മന്ത്രി വി എന്‍ വാസവന്‍

വികസനത്തിന്റെയും സ്‌നേഹത്യാഗത്തിന്റെയുമൊക്കെ ജനകീയ മുഖമായ വിഎൻ വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായാണ് വി എൻ വാസവൻ സത്യപ്രതിജ്ഞ ചെയ്തത്. ഓരോ കേരളീയനും അഭിമാനിക്കുന്ന നിമിഷം കൂടിയാണിത്.

വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളോട് പടവെട്ടി ഡിവൈഎഫ്‌ഐയെയും സിപിഐഎമ്മിനെയും കോട്ടയത്തിന്റെ മണ്ണിൽ ആഴത്തിൽ വേരോടിച്ച പ്രിയ നേതാവാണ് വി.എൻ വാസവൻ. മറ്റക്കര വെള്ളേപ്പള്ളിയിൽ നാരായണന്റെയും കാർത്ത്യായനിയുടെയും മകനായി ജനിച്ച വിഎൻ വാസവന്റെ ചെറുപ്പം ഇല്ലായ്മകളോടുള്ള പോരാട്ടമായിരുന്നു. പഠനവും ജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയിൽ മികച്ച മാർക്കോടെ പത്താം ക്ലാസ്സ് പാസായെങ്കിലും തുടർ പഠനത്തിന് ഫീസ് തടസമായപ്പോൾ എളുപ്പം തൊഴിൽ ലഭിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കായി.

ഏറ്റുമാനൂർ ഐ ടി ഐയിലെ വിദ്യാഭ്യാസകാലം വാസവനെ ഇടുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലേക്ക് അടുപ്പിച്ചു. വീട്ടിലെയും നാട്ടിലെയും അന്തരീക്ഷം ഏതു ചെറുപ്പക്കാരനെയും പോലെ വാസവനെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പോരാളിയാക്കി. വാസവൻ എന്ന കമ്മ്യൂണിസ്റ്റുകാരനെ വളർത്തിയത് നാട്ടിലെ ജ്ഞാനപ്രബോദിനി ഗ്രന്ഥശാല ആയിരുന്നു. അവിടുത്തെ വൈകുന്നേരങ്ങൾ പുസ്തകളുമായി കൂടുതൽ അടുപ്പിച്ചു. സ്‌കൂൾ പഠന കാലത്തേക്കാൾ കൂടുതൽ അറിവ് നൽകുന്നിടമായി ആ ലോകം.

ഡിവൈഎഫ്ഐ രൂപികരിക്കുന്ന സമയത്ത് കോട്ടയത്ത് നിന്ന് സംസ്ഥാന സമിതിയിൽ , ജില്ലയിൽ എല്ലാഗ്രാമങ്ങളിലും ഡി വൈ എഫ് ഐ യൂണിറ്റുകൾ എത്തിച്ച യുവ നേതൃത്വം. ഏറ്റെടുക്കുന്ന ഏതൊരു ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന പാർട്ടിയിലെ ചെറുപ്പക്കാരൻ. അടിയന്തരാവസ്ഥക്കാലത്ത് പലരും നാടു വിട്ടപ്പോൾ വാസവനെ കമ്യൂണിസ്റ്റ് പാർട്ടിയുടെ തട്ടകമായിരുന്ന പാമ്പാടിയിലേക്ക് നേതാക്കൾ അയച്ചു .
മുതലാളിമാരുടെ ഗുണ്ടകളുടെ നിരന്തര ആക്രമണത്തിന് വിധേയമായ പ്രവർത്തനകാലം.

അന്ന് താമസം പാമ്പാടിയിലെ പാർട്ടി ഓഫീസിലായിരുന്നു.പുതുപ്പള്ളിയിൽ അഭ്യന്തരമന്ത്രിയെ കരിങ്കൊടിച്ച സമരത്തിൽ പൊലീസിന്റെ ക്രൂരമർദനത്തിന് വിധേയനായി ആശുപത്രിയിലും പിന്നീട് ജയിലുമായി, ആ പൊലീസ് പീഡനത്തിന്റെ തീരാദുരിതങ്ങൾ ഇന്നും അനുഭവിക്കുന്നു.
എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം അതാണ് വി എൻ വാസവൻ. കോട്ടയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഫയർഫോഴ്‌സ് എത്തുന്നതിനു മുമ്പേ വാസവൻ എത്തുമെന്ന് ഞാൻ കേട്ടിട്ടുണ്ട് ‘. വാസവനെക്കുറിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടേതാണ് ഈ കമന്റ്.

മഹാപ്രളയത്തിൽ രക്ഷാപ്രവർത്തകനായ അദ്ദേഹം ദുരിതം വിതയ്ക്കുന്ന കൊവിഡിൽ ജീവൻ മറന്നാണ് രോഗികൾക്കരികിലെത്തിയത്. നിരവധി ജീവൻ പൊലിഞ്ഞ പാലാ ഐങ്കൊമ്പ് ബസ് അപകടത്തിന് ദൃക്‌സാക്ഷിയായവർ പറയുന്നുണ്ട് ആ നിശ്ചയദാർഢ്യം. അന്നവിടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കൈകൊണ്ട് കോരിയെടുത്ത് വാഹനത്തിൽ കയറ്റിയ വാസവനെ ആരും മറക്കില്ല.

കുമരകം ബോട്ട് ദുരന്തം, ശബരിമല മണ്ണിടിച്ചിൽ, പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം, താഴത്തങ്ങാടി ബസപകടം തുടങ്ങി പല സന്ദർഭങ്ങളിലും വാസവൻ രക്ഷാപ്രവർത്തനത്തിന്റെ നേതൃനിരയിൽ നിന്നു. ആറുവർഷമായി സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു വി എൻ വാസവൻ. 2006–11ൽ കോട്ടയം എംഎൽഎയായി. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായി നിലവിൽ പ്രവർത്തിക്കുന്നു. ഹൈസ്‌കൂർ അദ്ധ്യാപികയായി വിരമിച്ച ഗീതയാണ് ഭാര്യ. ഹിമയും ഗ്രീഷ്മയുമാണ് മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News