നേതൃപാടവത്തിൻ്റെ അനുഭവങ്ങളുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

രണ്ടാം പിണറായി വിജയൻ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയായി പി എ മുഹമ്മദ് റിയാസ് സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യൻ സമര യൗവനത്തിൻ്റെ പ്രതീകമാണ് പി എ മുഹമ്മദ് റിയാസ് . ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷനായ റിയാസ് ബേപ്പൂരിൽ നിന്നും ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചാണ് നിയമസഭയിലേക്കും മന്ത്രി സ്ഥാനത്തേക്കുമെത്തിയത്.

അവകാശ സമരങ്ങളുടെ നിലയ്‌ക്കാത്ത ശബ്ദമായി യുവജനങ്ങൾക്ക്‌ രാജ്യമാകെ നേതൃത്വം നൽകുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസിന്റെ നിയമസഭയിലേക്കുള്ള കന്നി മത്സരത്തിലാണ് ബേപ്പൂരിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്.

സെന്റ് ജോസഫ്സ്‌ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലത്ത്‌ എസ്എഫ്ഐയിലൂടെയാണ്‌ രാഷ്‌ട്രീയ പ്രവർത്തനം തുടങ്ങുന്നത്‌. ഫാറൂഖ് കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. 1997 ലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫാറൂഖ് കോളേജിലെ എംഎസ്എഫിന്റെ കുത്തക തകർക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.
1998ൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയുമായി.

വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള സമരങ്ങളുടെ മുൻനിരപ്പോരാളിയായി. നിരവധി തവണ ജയിൽവാസവുമനുഭവിച്ചു. പൊലീസിന്റെ ക്രൂര മർദനത്തിനിരയായി‌. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും വർഗീയ രാഷ്ട്രീയത്തിനെതിരായും നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ നേതൃനിരയിലായിരുന്നു മുഹമ്മദ്‌ റിയാസ്‌.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിൽ ദില്ലിയിലും മുംബൈയിലും അറസ്റ്റിലായി. ഹരിയാനയിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തതും റിയാസാണ്‌‌. തമിഴ്നാട്ടിൽ ജാതിവെറിയന്മാർ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി.

തൂത്തുക്കുടി വേദാന്ത പ്ലാന്റ് വിരുദ്ധ സമരക്കാരെ പൊലീസ് വെടിവച്ചു കൊന്നതിനെതിരായ സമരത്തിന്റെയും മുന്നണിയിലുണ്ടായിരുന്നു. തൊഴിലാളികളെ സംഘടിപ്പിച്ച്‌ സിഐടിയു മേഖലയിലും സജീവമായിരുന്നു.

നിലവിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഫാറൂഖ് കോളേജിൽ നിന്ന്‌ ബികോം ബിരുദവും കോഴിക്കോട് ലോ കോളജിൽ നിന്ന്‌ നിയമ ബിരുദവും നേടി. പൊലീസ്‌ കമീഷണറായി വിരമിച്ച പി എം അബ്ദുൾ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്‌‌. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയാണ്‌ ഭാര്യ.

ഏറ്റവും കൂടുതല്‍ വ്യക്തിഹത്യയ്ക്കും സമൂഹ മാധ്യമങ്ങളിലെ  ആക്രമണത്തിനും വിധേയനായ വ്യക്തികൂടിയാണ് മുഹമ്മദ് റിയാസ്.കുടുംബ ജീവിതത്തെപ്പോലും വിമര്‍ശകര്‍ വിവാദങ്ങളിലേയ്ക്ക് വലിച്ചി‍ഴച്ചപ്പോള്‍, ആരോപണങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെയാണ് മറുപടി നല്‍കേണ്ടതെന്ന് തെളിയിച്ച ചെറുപ്പക്കാരന്‍ കൂടിയാണ് അദ്ദേഹം.പ്രളയകാലത്തും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജനങ്ങള്‍ക്കൊപ്പം നിന്ന റിയാസ് ഇനി മന്ത്രിയായാണ് ഇനി ബേപ്പൂരിന്‍റെ മണ്ണില്‍ കാലെടുത്ത് വയ്ക്കുക.

മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News