വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയ സ്ത്രീ സാന്നിധ്യം: മന്ത്രിയായി പ്രൊഫ.ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി പ്രൊഫ.ആർ ബിന്ദു സത്യപ്രതിജ്ഞ ചെയ്തു. ഇരിഞ്ഞാലക്കുടയിൽ നിന്നാണ് ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോൽപ്പിച്ചത്.

മാതൃഭൂമി വിഷുപ്പതിപ്പ് മത്സരത്തിൽ ചെറുകഥക്ക് സ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയതോടെയാണ് ബിന്ദു സാംസ്കാരിക പ്രവർത്തകരുടെ ശ്രദ്ധയിൽ വരുന്നത്. കഥാസാഹിത്യത്തിൽ ഭാവിയുടെ ഒരു വാഗ്ദാനമായി ആ കുട്ടിയെ ഏവരും കരുതി. പക്ഷേ അവർ പിന്നെ അവിടെ നിന്നില്ല. ഇരിഞ്ഞാലക്കുടയുടെ പാരമ്പര്യം ഉൾക്കൊണ്ട് കഥകളിയിലേക്കാണ് ആ പെൺകുട്ടി പിന്നീട് പോയത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ രണ്ടോ മൂന്നോ തവണ കഥകളിക്ക് ഒന്നാം സ്ഥാനം നേടി.

സെൻ്റ് ജോസഫ് കോളേജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിദ്യാർത്ഥി രാഷ്ടീയരംഗത്ത് ബിന്ദു എത്തുന്നത്. പിന്നീട് യൂണിവേഴ്സിറ്റി സിന്റിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായി. എസ്.എഫ്.ഐ.നേതൃത്വ ത്തിൽ എത്തി. തീപാറുന്ന വിദ്യാർത്ഥിസമരങ്ങൾക്കിടക്ക് ഒന്നിച്ച് പ്രവർത്തിച്ച സമരസഖാക്കൾ എന്ന നിലയിലാണ് എ.വിജയരാഘവനും ബിന്ദുവും വിവാഹിതരാവുന്നത്.

സമരവും പoനവും ഒന്നിച്ചു മുന്നേറി. ദില്ലിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി.യും നേടിയ ബിന്ദു ശ്രീകേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായി. അതോടെ കർമ്മരംഗം തൃശൂരായി. സ്ത്രീകളുടെ ജീവൽ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള നിരവധി സമരങ്ങളിലെ നായികയായി ബിന്ദു.

ബിന്ദു തൃശൂർ നഗരസഭയില്‍ 10 വര്‍ഷം കൗൺസിലറായി. പിന്നെ പ്രഥമ വനിതാ മേയറായി.ഇപ്പോൾ മന്ത്രിപദത്തിലും.

മന്ത്രി പ്രൊഫ.ആര്‍ ബിന്ദുവിന് അഭിവാദ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here