ചരിത്ര നിയോഗവുമായി മന്ത്രി റോഷി അഗസ്റ്റിൻ

ജലവിഭവ വകുപ്പ് മന്ത്രിയായി കേരള കോൺഗ്രസ് എം പ്രതിനിധി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ അഞ്ചാം ജയത്തിൻ്റെ തിളക്കവുമായാണ് , റോഷി മന്ത്രി പദം അലങ്കരിക്കുന്നത്. ഇടുക്കി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണ നിയമസഭയിലെത്തിയ റോഷി അഗസ്റ്റിന് ഇത് ചരിത്ര നിയോഗമാണ്.

ആദ്യമായി മന്ത്രി പദം തേടിയെത്തി. കേരള കോൺഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ റോഷി, പാർലമെൻ്ററി പാർട്ടി ലീഡർ കൂടിയാണ്. കന്നിയങ്കത്തിൽ പരാജയപ്പെട്ട റോഷിയ്ക്ക് പിന്നീട് വിജയക്കുതിപ്പിൻ്റെ കാലം.

1996-ൽ പേരാമ്പ്രയിലെ ആദ്യമത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഇടുക്കിയിൽ നിന്ന് തുടർച്ചയായ വിജയം. 2001 മുതൽ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. നാല് തവണ യു ഡി എഫ് എം എൽ എ ആയിരുന്ന റോഷി, ഇത്തവണ എൽ ഡി എഫ് പ്രതിനിധി ആയി എത്തിയാണ് മന്ത്രി പദം അലങ്കരിക്കുന്നത്.

2018, 19 വർഷങ്ങളിലെ പ്രളയ നാളുകളിലെ രക്ഷാപ്രവർത്തനം ഉൾപ്പെടെ നിരവധി ജനകീയ ഇടപെടലുകൾ റോഷിയെ ഏവർക്കും സ്വീകാര്യനാക്കുന്നു. 1969-ൽ ചക്കാമ്പുഴ ചെറു നിലത്ത് ചാലിൽ അഗസ്റ്റിൻ -ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്ക ളിൽ മൂത്തവനായി ജനിച്ച ഈ 52 കാരൻ, നിരവധി കർഷകസമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് .

പാലാ സെൻ്റ് തോമസ് കൊളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം റീജ്യണൽ കാൻസർ സെൻററിൽ നേഴ്സായ റാണിയാണ് ഭാര്യ. ആൻമരിയ, എയ്ഞ്ചൽ മരിയ , അഗസ്റ്റിൻ എന്നിവർ മക്കളാണ്. കൂടുതൽ ജനകീയ ഇടപെടലുകളുമായി മുന്നോട്ടുപോകാനുള്ള കരുത്താണ് റോഷിക്ക് ഈ മന്ത്രിസ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here