ഐഎൻഎല്ലിന് ചരിത്ര നിമിഷം: അഹമ്മദ് ദേവര്‍കോവില്‍ തുറമുഖ വകുപ്പ് മന്ത്രി

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു.കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ ജയിച്ച്‌ മന്ത്രിസ്ഥാനത്തേക്കെത്തിയത്.

25 വർഷത്തോളമായുള്ള ഐഎൻഎല്ലിന്റെ കാത്തിരിപ്പിന്റെ ഫലമാണ് ഈ മന്ത്രിസ്ഥാനം.വ്യത്യസ്‌ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിപുലമായ സുഹൃദ്‌വലയത്തിനുടമ. ഐഎൻഎല്ലിനെ ഇടതുപക്ഷത്ത്‌ ഉറപ്പിച്ചുനിർത്തുന്നതിൽ മുഖ്യപങ്ക്‌ വഹിച്ച അമരക്കാരൻ‌.

മുഖവുരക്കപ്പുറമാണ്‌ അഹമ്മദ്‌ ദേവർകോവിൽ.ഇന്ത്യൻ നാഷണൽ ലീഗ്‌(ഐഎൻഎൽ) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഇദ്ദേഹം ഉറുദു, ഹിന്ദി, ഇംഗ്ലീഷ്‌, തമിഴ്‌ ഭാഷകളിൽ നിപുണനാണ്‌. കുറ്റ്യാടിക്കടുത്ത ദേവർകോവിൽ സ്വദേശി‌. കോഴിക്കോട്‌ നഗരത്തിലെ ജവഹർ കോളനിയിലാണ് താമസം.

1994ൽ ഡൽഹിയിൽ ചേർന്ന പ്രഥമ രൂപീകരണ കൺവൻഷൻ മുതൽ ഐഎൻഎല്ലിന്റെ ഭാഗമായി‌. ഐഎൻഎൽ നാദാപുരം മണ്ഡലം പ്രസിഡന്റും ജില്ലാ ജനറൽ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ സെക്രട്ടറിയുമായിരുന്നു.

ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ അനുയായിയും സി കെ പി ചെറിയ മമ്മുക്കേയിയുടെയും പി എം അബൂബക്കറിന്റെയും ശിഷ്യനുമാണ് 61കാരനായ ഇദ്ദേഹം‌. 1977 ൽ കുറ്റ്യാടി ഹൈസ്കൂൾ ലീഡറിലൂടെ തുടങ്ങിയതാണ്‌ രാഷ്ട്രീയ ജീവിതം.

എംഎസ്‌എഫ്‌ കായക്കൊടി പഞ്ചായത്ത്‌ പ്രസിഡന്റ് , വടകര താലൂക്ക് സെക്രട്ടറി , കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. അടിയന്തരാവസ്ഥയിൽ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഭവിച്ചു.

കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്നു. മെഡിക്കൽ കോളേജ് ആസ്ഥാനമായുള്ള മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് (എംഎംസിടി) സ്ഥാപക ചെയർമാനുമാണ്‌.

സരോവരം ഗ്രീൻ എക്സ്പ്രസ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാനും ഗവ. അംഗീകൃത ഹജ്ജ്‌– ഉംറ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്‌.പരേതനായ ഒറുവയിൽ വളപ്പൻ മൂസയുടെയും പുത്തലത്ത്‌ മറിയത്തിന്റെയും മകനാണ്‌. ഭാര്യ: വളയം ചെറുമോത്ത്‌ സ്വദേശി സാബിറ. മക്കൾ: താജുന ഷെർവിൻ അഹമ്മദ്‌, തെൻസിഹ ഷെറിൻ അഹമ്മദ്‌, ജെഫി മോനിസ്‌ അഹമ്മദ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News