കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവര്‍ത്തൻ, ഇനി മന്ത്രി അഡ്വ. ആന്‍റണി രാജു

ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവർത്തനാണ് അഡ്വ. ആൻറണി രാജു. സുദീർഘമായ കാലം ഇടത്പക്ഷ മുന്നണിയുടെ ശക്തനായ വക്താവും , പോരാളിയുമായ ആൻറണി രാജുവിനെ തേടി മന്ത്രിസ്ഥാനം എത്തുമ്പോൾ അത് അർഹതയ്ക്കുളള അംഗീകാരമായി മാറുകയാണ്.

1972 ൽ കേരളാ കോൺഗ്രസിൻറെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സിയുടെ രാഷ്ടീയ പ്രവർത്തനം ആരംഭിച്ച അഡ്വ. ആൻറണി രാജു ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തനായ പോരാളിയാണ് .തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ആൻറണി രാജു തുമ്പ സെൻറ് സേവിയേ‍ഴ്സ്, മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലെ കെ എസ് സിയുടെ യൂണിറ്റ് പ്രസിഡൻറ് ആയിട്ടാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

1987 മുതൽ പത്ത് വർഷകാലം കേരളാ കോൺഗ്രസ് വിഭാഗത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ആയിരുന്നു. 1990 ൽ ശംഖുമുഖം ഡിവിഷനിൽ നിന്ന് ജില്ലാ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ കരുത്തനായിരുന്ന അഡ്വ. ജോർജ്ജ് മസ്ക്രീനെ പരാജപ്പെടുത്തി.

1991 തിരുവനന്തപുരം വെസ്റ്റിൽ നിന്ന് എംഎം ഹസ്സനോട് പരാജയപ്പെട്ടങ്കിലും , 1996 ൽ അതേ എംഎം ഹസ്സനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. ഇതിനിടയിൽ എംവി രാഘവനോട് 2001ൽ പരാജയപ്പെട്ടങ്കിലും ഇടത്പക്ഷത്തിൻറെ മുൻനിരപോരാളിയായി തുടർന്നു. ഒരു ചെറിയ കാലയളവ് ഇടത് മുന്നണിയിൽ നിന്ന് മാറി യുഡിഎഫിൻറെ ഭാഗമായെങ്കിലും അധികം വൈകാതെ ജനാധിപത്യ കേരളാ കോൺഗ്രസിൻറെ ഭാഗമായി ഇടത് മുന്നണിയിൽ തിരിച്ചെത്തി.

ചാനൽ ചർച്ചകളിൽ ഇടത് മുന്നണിയുടെ ശക്തനായ വക്താവായ ആൻറണി രാജു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ കൂടിയാണ് .ശക്തമായ ത്രികോണ മൽസരത്തിൽ മുൻ മന്ത്രിയായ വിഎസ് ശിവകുമാറിനെ മലർത്തിയടിച്ച് മിന്നുന്ന വിജയം കരസ്ഥമാക്കി.

പൂന്തുറ സ്വദേശിയായ എസ് .അൽഫോൺസിൻറെയും, ലൂർദ്ദമ്മയുടെയും മകനായ ആൻറണി രാജു കടലോര ജനതയ്ക്ക് വേണ്ടി എക്കാലത്തും ശക്തമായി നിലയുറപ്പിച്ചു.

ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഗ്രേസിയാണ് ആൻറണി രാജുവിൻറെ ഭാര്യ മെഡിക്കൽ വിദ്യാർത്ഥികളായ റോഷ്ണി, റോഹൻ എന്നിവരാണ് മക്കൾ. കരകൗശല വികസന കോർപ്പറേഷൻ, ട്രാവൻകൂർ സിമൻസ്, എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമായിട്ടുണ്ട്. കേരളാ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ആയി പ്രവർത്തിച്ചിട്ടുണ്ട്. ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം എന്നും നിലയുറപ്പിച്ചിട്ടുളള ആൻറണി രാജുവിന് അർഹതയ്ക്കുളള അംഗീകാരമെന്നോണമാണ് ഇപ്പോൾ മന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News