ടീം പിണറായി അധികാരത്തിലേയ്ക്ക്; സത്യപ്രതിജ്ഞ കര്‍ശന പ്രോട്ടോകോള്‍ പാലിച്ച്

ചരിത്ര മുഹൂര്‍ത്തം ഇനി മണിക്കൂറുകളകലെ. കേരളം ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കാന്‍ ഇടതു ജനാധിപത്യ മുന്നണി ഒരുങ്ങുകയാണ്. ഇന്ന് വൈകുന്നേരം 3.30 ന് നടക്കുന്ന ചടങ്ങിന് സെന്‍ട്രല്‍ സ്റ്റേഡിയം സജ്ജം.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. സത്യപ്രതിജ്ഞക്ക് സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍ എന്നിവര്‍ മാത്രമായിരിക്കും നേരിട്ട് പങ്കെടുക്കുക. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് എംപി കാകോലി ഘോഷ് ദസ്തിദറും തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശും എത്തും.

ക്ഷണക്കത്ത് ലഭിച്ചവര്‍ 2.45 നകം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. പ്രവേശനം സെക്രട്ടറിയേറ്റ് അനക്‌സ്, പ്രസ് ക്ലബ്ബ് ഗേറ്റ് വഴിയാകും. 2.50 ന് നവകേരള ഗീതാഞ്ജലി അവതരണം നടക്കും. 1957 മുതല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം വരെയുള്ള കേരളത്തിന്റെ പുരോഗതി വിവരിക്കുന്ന വിഡിയോയാണ് നവകേരള ഗീതാഞ്ജലി. മമ്മൂട്ടിയാണ് വിഡിയോ അവതരിപ്പിക്കുന്നത്. എആര്‍ റഹ്‌മാന്‍, യോശുദാസ്, മോഹന്‍ലാല്‍, ജയറാം, സുജാത എന്നിങ്ങനെ നിരവധി പ്രമുഖര്‍ ഇതില്‍ വെര്‍ച്വലായി പങ്കാളിയാകും.

3.30 ന് സത്യവാചകം ഗവര്‍ണര്‍ ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനില്‍ ഗവര്‍ണറുടെ ചായ സല്‍ക്കാരം നടക്കും. ആദ്യ മന്ത്രിസഭാ യോഗം വൈകിട്ട് നടക്കും. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 24 നാണ് നടക്കുക. 25 ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News