മില്‍മയുടെ പാല്‍ സംഭരണം നാളെ മുതല്‍

ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം. മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല്‍ സംഭരിക്കും. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍ നിന്ന് 80 ശതമാനം പാല്‍ സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ പി മുരളി എന്നിവര്‍ അറിയിച്ചു.

ലോക്ഡൗണില്‍ പാല്‍ വില്‍പ്പന ഗണ്യമായി കുറയുകയും പാല്‍ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂണിയനില്‍ മിച്ചം വന്നിരുന്നത്. അയല്‍ സംസ്ഥാനങ്ങളിലും ലോക്ഡൗണായതിനാല്‍ മിച്ചം വരുന്ന പാല്‍ ഇവിടങ്ങളിലയച്ച് പൊടിയാക്കുന്നതിലും തടസങ്ങള്‍ നേരിട്ടു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന്റെ അളവ് മില്‍മ 60 ശതമാനമാക്കി കുറച്ചിരുന്നു.

പ്രതിസന്ധികള്‍ പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സമീപ ദിവസങ്ങളില്‍ തന്നെ ഉത്പാദിപ്പിക്കുന്ന നൂറു ശതമാനം പാലും കര്‍ഷകരില്‍ നിന്ന് വാങ്ങാനാകുമെന്നാണ് കരുതുന്നതെന്നും മില്‍മ എം ഡി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel