രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി മുഖ്യമന്ത്രിയുടെ നാടായ ‘പിണറായി’

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി മുഖ്യമന്ത്രിയുടെ നാടായ പിണറായി. മധുരവും ഭക്ഷ്യകിറ്റും കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങളും വീടുകളില്‍ വിതരണം ചെയ്തായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷം. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍ വീട്ടിലിരുന്ന് ടി വിയില്‍ ചടങ്ങുകള്‍ കണ്ടു.

തെരുവുകളിലേക്ക് എത്താതെ ആഘോഷം വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ഒതുങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ നാട് ചരിത്ര മുഹൂര്‍ത്തം അവിസ്മരണീയമാക്കി. വീടുകളില്‍ പടക്കം പൊട്ടിച്ചും മധുരം പങ്കിട്ടും നാടിന്റെ നായകന്‍ കേരളത്തിന്റെ നായകനായി വീണ്ടും ആധികാരമേല്‍ക്കുന്നത് നാട് ആഘോഷിച്ചു.

പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കിയ ബിഗ് സ്‌ക്രീനില്‍ എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഐ എം നേതാക്കള്‍ കൈരളി ന്യൂസിലൂടെ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ചു. ക്ഷണം ലഭിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം നേരിട്ട് പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലിരുന്നാണ് ജീവിത സമ്പാദ്യം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍ സത്യപ്രതിജ്ഞ ചടങ്ങ് കണ്ടത്.

സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ധീര രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ പത്‌നി മീനാക്ഷി ടീച്ചര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ഒപ്പം വീട്ടില്‍ മധുരം പങ്കിട്ടു. മന്ത്രിയായി അധികാരമേറ്റ എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നാടായ മൊറാഴയിലും പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും സത്യപ്രതിജ്ഞ ആഘോഷമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here