ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായി ; മുഖ്യമന്ത്രി

ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയ വാഗ്ദാനം പ്രോഗ്രസ് റിപ്പോര്‍ട്ടായി ജനത്തിന് മുന്നില്‍ അവതരിപ്പിച്ചത് രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയെ നഷ്ടത്തില്‍ നിന്ന് മോചിപ്പിച്ച് ലാഭത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്നും മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈന്‍, ദേശീയപാതാ, വൈദ്യുതി പ്രസരണ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെ ഫോണ്‍ പോലെ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ട് പോയി. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കുതിപ്പുണ്ടാക്കി. ഓഖിയും നിപ്പയും വിഷമിപ്പിച്ചു. ഏറ്റവും വിഷമം അനുഭവിക്കുന്നവരടക്കം ഒന്നുചേര്‍ന്നാണ് പ്രളയത്തെ അതിജീവിച്ചത്. പിന്നീടാണ് കൊവിഡ് വ്യാപനം ഉണ്ടായത്. അത് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്.

ജനജീവിതം ലോക്ഡൗണില്‍ താളം തെറ്റി. അത് മറികടക്കാനുള്ള സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കുന്ന പദ്ധതികള്‍ ആദ്യം കേരളം നടപ്പാക്കി. 20000 കോടിയുടെ പാക്കേജിനും തുടര്‍ന്ന് നാട്ടിലെ ഉല്‍പ്പാദന മേഖല ശക്തിപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനായി.

ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്ജ്വലമായ പുതിയ തുടക്കമാണ്. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാവുന്നത്.

ഇന്നത്തെ കേരളം രൂപപ്പെട്ടതിന് ആധാരമായ സമര മുന്നേറ്റങ്ങളെയാകെ സ്മരിക്കേണ്ട ഘട്ടമാണിത്. ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ വന്നപ്പോള്‍ ജനത്തിന് വലിയ പ്രതീക്ഷയായിരുന്നു. ഇന്ന് അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടുന്ന സാമൂഹ്യ പുരോഗതിയുടെ അടിത്തറയാണ് ആ സര്‍ക്കാര്‍ പാകിയത്.

ആ സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. പിന്നീടിങ്ങോട്ട് ഇടതുപക്ഷം നയിച്ച എല്ലാ സര്‍ക്കാരുകളും നാടിന് വേണ്ടി നവീന മാറ്റങ്ങള്‍ വരുത്തി. ജനത്തിന് വേണ്ടി ദീര്‍ഘകാല നയപരിപാടി ആവിഷ്‌കരിച്ചു. അവയുടെ തുടര്‍ച്ച ഭരണമാറ്റത്തോടെ ഇല്ലാതാവുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടായത്. മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള വികസനത്തിന്റെ പുതിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പഴയ നേട്ടങ്ങളെ ഉറപ്പിച്ച് നിര്‍ത്താനുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പരിശ്രമിച്ചത്. കാര്‍ഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു.

സമ്പദ് ഘടനയിലെ പരിമിത വിഭവങ്ങളെ ഉല്‍പ്പാദന ക്ഷമവും സാമൂഹിക പ്രാധാന്യമുള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കാനുള്ള ആസൂത്രണമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ എടുത്തുപറയണം. ഇത് കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി. മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here